ഡോ. എം ലീലാവതി: ശരി തുറന്നുപറയുന്ന വ്യക്തിത്വം : മന്ത്രി പി രാജീവ്

തൃക്കാക്കര കേസരി സ്മാരക സഹൃദയ ലൈബ്രറിയിൽ ഡോ. എം ലീലാവതിയുടെ പേരിൽ ആരംഭിച്ച പുസ്തക കോർണർ ഉദ്‌ഘാടനച്ചടങ്ങിൽ പ്രകാശിപ്പിച്ച ലീലാവതിയുടെ ലേഖന സമാഹാരം മന്ത്രി പി രാജീവിന് ഒപ്പിട്ട് നൽകുന്നു. പ്രൊഫ. എം തോമസ് മാത്യു സമീപം
കളമശേരി
സാഹിത്യത്തിലും സാമൂഹ്യ വിഷയങ്ങളിലും തനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങൾ തുറന്നുപറയാൻ കാണിക്കുന്ന ധൈര്യമാണ് എക്കാലത്തും ഡോ. എം ലീലാവതിയെ വ്യത്യസ്തയാക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ‘ഗ്രന്ഥശാലയ്ക്കൊപ്പം കളമശേരി’ പദ്ധതിയിൽ തൃക്കാക്കര കേസരിസ്മാരക ഗ്രന്ഥശാലയിൽ ഡോ. എം ലീലാവതി പുസ്തകകോർണർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അഞ്ച് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളാൽ കളമശേരി മണ്ഡലം സമ്പന്നമാണെന്നും അവരുടെ പ്രദേശത്തെ ഗ്രന്ഥശാലകളിൽ പുസ്തകകോർണർ ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ ഗ്രന്ഥശാലകൾക്കായി 12 ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി.
പുസ്തകകോർണറിൽ ഡോ. എം ലീലാവതിയുടെ എല്ലാ പുസ്തകങ്ങളും ലഭിക്കും. കൂടാതെ ലീലാവതിയെക്കുറിച്ചും ലീലാവതിയുടെ പുസ്തകങ്ങളെക്കുറിച്ചുമുള്ളവയും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഹരിതം ബുക്‌സ് ഏഴ് വാള്യങ്ങളായി പ്രസിദ്ധീകരിച്ച ഡോ. എം ലീലാവതിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങൾ പ്രൊഫ. എം തോമസ് മാത്യുവിന് നൽകി മന്ത്രി പ്രകാശിപ്പിച്ചു.
മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള ലീലാവതി ടീച്ചറുടെ തെരഞ്ഞെടുത്ത നിരൂപണങ്ങളുടെ കോപ്പി വിതരണം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ മോഹനചന്ദ്രന് നൽകി മന്ത്രി ഉദ്ഘാടനം ചെയ്തു.
കളമശേരി നഗരസഭാ ചെയർപേഴ്‌സൺ സീമ കണ്ണൻ അധ്യക്ഷയായി. ഡോ. എം ലീലാവതി, ഡിപിസി അംഗം ജമാൽ മണക്കാടൻ, ജോർജ് തോമസ്, പ്രതാപൻ തായാട്ട്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ്, കൗൺസിലർ പ്രമോദ് തൃക്കാക്കര, ഗ്രന്ഥശാല സെക്രട്ടറി ജിനു തോമസ് തുടങ്ങിയവർ സംസാരിച്ചു.
ഗാസയിലെ കുഞ്ഞുങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് പ്രതികരിച്ചതിന് മലയാളത്തിന്റെ എഴുത്തമ്മ ഡോ. എം ലീലാവതിക്കുനേരെ സംഘപരിവാർ നടത്തുന്ന സൈബർ ആക്രമണത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. രാഷ്‌ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം പ്രതികരിച്ചു.










0 comments