Deshabhimani

വൈജ്ഞാനിക പോരാട്ടത്തിലും പി ജി പുതുവഴി തുറന്നു: എം എ ബേബി

അമരസ്‌മരണയായി പി ജി

P Govindapilla

പെരുമ്പാവൂർ പുല്ലുവഴി വായനശാലയിൽ പി ഗോവിന്ദപ്പിള്ള ജന്മശതാബ്‌ദി ആഘോഷം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യുന്നു. ആർ പാർവതിദേവി, കെ എസ് അരുൺകുമാർ, പുഷ്പ ദാസ്, ശാരദ മോഹൻ, എം ജി രാധാകൃഷ്ണൻ, സി എം അബ്ദുൾ കരീം, എൻ സി മോഹനൻ, ഡോ. സുനിൽ പി ഇളയിടം, എസ് സതീഷ്, എസ് ശർമ എന്നിവർ സമീപം

വെബ് ഡെസ്ക്

Published on Feb 26, 2026, 02:15 AM | 2 min read

കൊച്ചി

മലയാളത്തിലെ വൈജ്ഞാനിക വിപ്ലവത്തിനും സാഹിത്യത്തിനും പുത്തൻ ദിശാബോധം നൽകിയ മാർക്‌സിസ്‌റ്റ്‌ താത്വികാചാര്യൻ പി ഗോവിന്ദപ്പിള്ളയുടെ ദീപ്തസ്‌മരണയ്‌ക്ക് ആദരാഞ്ജലിയർപ്പിച്ച് ജന്മനാട്. തിരുവനന്തപുരം പി ജി സംസ്കൃതി കേന്ദ്രവും പി ആർ ശിവൻ സാംസ്കാരിക പഠനകേന്ദ്രവും ചേർന്ന്‌ സംഘടിപ്പിച്ച പി ജിയുടെ ജന്മശതാബ്‌ദി ആഘോഷം പെരുമ്പാവൂർ പുല്ലുവഴി വായനശാലയിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കൺവീനർ സി എം അബ്ദുൾ കരീം അധ്യക്ഷനായി.


മാർക്സിസ്റ്റ് വൈജ്ഞാനികതയെ വിവിധ മേഖലകളിൽ പ്രയോഗവൽക്കരിച്ച സൈദ്ധാന്തികനായിരുന്നു പി ജി എന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ സുനിൽ പി ഇളയിടം പറഞ്ഞു. ശാസ്ത്രത്തെ കേവല ശാസ്ത്രമായി കാണാതെ അതിനെ സംസ്കാര ചരിത്രമായി കാണാനാണ് പി ജി ശ്രമിച്ചത്. പൊതുവിൽ നവോത്ഥാന ചരിത്രം മതജീവിതത്തിലെ നവീകരണത്തിലൂന്നി അവതരിപ്പിക്കപ്പെട്ടപ്പോൾ, മുഖ്യധാരാ നവോത്ഥാന വിചാരത്തിലില്ലായിരുന്ന പൊയ്കയിൽ അപ്പച്ചൻ, വേലുക്കുട്ടി അരയൻ, പാമ്പാടി ജോൺ തുടങ്ങിയവരുടെ നവോത്ഥാന പാരമ്പര്യങ്ങളെ മുഖ്യധാരയിലേക്ക് കൂട്ടിക്കൊണ്ടുവന്നതും പി ജിയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, പി ജിയുടെ മകനും മാധ്യമപ്രവർത്തകനുമായ എം ജി രാധാകൃഷ്ണൻ, മകൾ ആർ പാർവതിദേവി, ശാരദ മോഹൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പുഷ്പ ദാസ്, കെ എസ് അരുൺകുമാർ, മുൻ മന്ത്രി എസ് ശർമ, സാജു പോൾ, എം പി അജയകുമാർ, എൻ സി മോഹനൻ, ആർ അനീഷ് തുടങ്ങിയവർ സംസാരിച്ചു.


വൈജ്ഞാനിക പോരാട്ടത്തിലും പി ജി പുതുവഴി തുറന്നു: എം എ ബേബി

കഥകളിയിലെ കഠിനമായ കല്ലുവഴി ചിട്ടപോലെ കമ്യൂണിസ്റ്റ്‌ പാർടിയിൽ ഒരു പുല്ലുവഴി ചിട്ട തുറന്നിട്ടയാളാണ്‌ പി ഗോവിന്ദപ്പിള്ളയെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. പെരുന്പാവൂർ പുല്ലുവഴി വായനശാലയിൽ സംഘടിപ്പിച്ച പി ജിയുടെ ജന്മശതാബ്‌ദി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരന്തരം പഠിക്കുക, വൈജ്ഞാനിക പോരാട്ടത്തിൽ പങ്കെടുക്കുക, കമ്യൂണിസ്റ്റ് മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുക എന്നിങ്ങനെയുള്ള പാർടി വഴിയാണ്‌ പി ജി തുറന്നിട്ടത്‌. ആ വഴി പിന്തുടരാനാകണം. ഓരോ വിജ്ഞാനമേഖലയിലും അറിവിന്റെ പുതിയ തുറസ്സുകൾ സൃഷ്ടിക്കാൻ പി ജിക്ക് കഴിഞ്ഞു.


പാർടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനിടയിൽ മൂല്യവത്തായ എത്രയോ പുസ്തകങ്ങൾ അദ്ദേഹം എഴുതി. എന്നാൽ, ആ തിരക്കിനിടയിൽ പി ജിക്ക് മാത്രം എഴുതാൻ കഴിയുമായിരുന്ന എത്രയോ കൃതികൾ അദ്ദേഹം എഴുതാതെപോയിയെന്നും ചിന്തിക്കണം. സാംസ്കാരിക ദേശീയതയെന്ന കപടവേഷം ധരിച്ച് സാംസ്കാരിക മേഖലയിൽ കടന്നുകയറാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും അതുതടയാൻ നിതാന്ത ജാഗ്രതയുണ്ടാകണമെന്നും പി ജി ഓർമിപ്പിച്ചുകൊണ്ടിരുന്നു. ന്യൂട്ടോണിയൻ വിപ്ലവംവരെയുള്ള കാലത്തെ അവതരിപ്പിക്കുന്ന സമുൽകൃഷ്ട കൃതിയാണ് പി ജിയുടെ ‘വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം’. പി ജി നിർത്തിയിടത്തുനിന്ന്‌ വൈജ്ഞാനിക വിപ്ലവത്തിന്റെ സാംസ്‌കാരിക ചരിത്രത്തെ മുന്നോട്ടു നയിക്കാനാകണമെന്നും പി ജിയുടെ കൃതികളുടെ പരിഭാഷകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home