ഓർമകളിൽ നിറഞ്ഞ് പി ജി; ജന്മശതാബ്ദി ആഘോഷിച്ചു

പെരുമ്പാവൂർ
ദേശാഭിമാനിയിൽ സഖാവ് എന്ന് ചേർക്കുന്നത് നിർത്തലാക്കിയത് പി ഗോവിന്ദപ്പിള്ളയായിരുന്നുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ് പറഞ്ഞു. സഖാക്കൾക്ക് ആവേശം നൽകുന്ന ഒരു സംബോധനയല്ലേ സഖാവെന്ന പ്രയോഗമെന്ന് ചോദിച്ചപ്പോൾ ദേശാഭിമാനിയിൽ ഒറ്റസഖാവെ ഉണ്ടാവുകയുള്ളു, അത് സഖാവ് പി കൃഷ്ണപിള്ളയാണെന്നും പി ജി പറഞ്ഞതായി തോമസ് ജേക്കബ് പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പി ഗോവിന്ദപിള്ള ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പി ജിയുടെ ലോകം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ് ജേക്കബ്.
അന്ന് പി ജി കാണിച്ച ചങ്കൂറ്റം തന്നെ അത്ഭുതപ്പെടുത്തി. ശ്രീയും സഖാവും ജനാബും ഒഴിവാക്കിയാണ് ദേശാഭിമാനി, മനോരമ, മാതൃഭൂമി, ചന്ദ്രിക തുടങ്ങിയ പത്രങ്ങൾ പ്രസിദ്ധീകരിച്ചത്. പി ജിയുടെ ഓർമകൾ വളരെ പ്രസിദ്ധമാണ്. വ്യക്തിപരമായ കാര്യങ്ങളിൽ ധാരാളം മറവിയുണ്ടെങ്കിലും പി ജി വായിച്ചതൊന്നും മറക്കാറില്ലെന്നും തോമസ് ജേക്കബ് പറഞ്ഞു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത അധ്യക്ഷനായി. ഡോ. ധർമരാജ് അടാട്ട്, ആർ പാർവതി ദേവി, ശാരദ മോഹൻ, പി ജി സജീവ്, രാജി കെ പോൾ എന്നിവർ സംസാരിച്ചു.
സെമിനാറിൽ പി ജിയുടെ ലോകം, വിജ്ഞാനസമൂഹവും പിജിയും, ഇന്ത്യയുടെ ഫെഡറൽ ഘടനയും മാധ്യമങ്ങളുടെ നിലപാടും എന്നീ വിഷയങ്ങളിൽ എൻ ഇ സുധീർ, ഡോ. റഫീഖ് ഇബ്രാഹിം, ഡോ. സംഗമേശൻ, കെ കെ ഷാഹിന, ശ്രീജിത്ത് ദിവാകരൻ, ഡോ. സുമി ജോയി ഓലിയപ്പുറം എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സാജു പോൾ അധ്യക്ഷനായി. നന്ത്യാട്ടുകുന്നം കലാവേദി ഗ്രന്ഥശാലയുടെ ചാപ്പ എന്ന നാടകവും അരങ്ങേറി.









0 comments