ജൈവപച്ചക്കറി കൃഷിയിൽ നൂറുമേനിയുമായി വിജയ് ഭായ്

വിജയ് പച്ചക്കറിത്തോട്ടത്തിൽ
കൂത്താട്ടുകുളം
കെട്ടിടനിർമാണസ്ഥലത്ത് ഒരുക്കിയ പച്ചക്കറിത്തോട്ടത്തിൽ നൂറുമേനി വിളവുമായി വിജയ് ഭായ്. കൂത്താട്ടുകുളം ഗവ. യുപി സ്കൂളിന്റെ പുതിയ മന്ദിരനിർമാണത്തിനായി മൂന്നുമാസംമുമ്പാണ് കരാറുകാരനൊപ്പം ബിഹാർ ബത്തിയ ജില്ലയിലെ ഗബ്നഹാ സ്വദേശിയായ വിജയ് എത്തിയത്. കെട്ടിടനിർമാണത്തിന് നിർമാണക്കമ്പനിക്ക് നൽകിയ സ്ഥലത്താണ് താമസം.
കിണറിനോടുചേർന്ന് രണ്ട് സ്ക്വയർമീറ്റർ സ്ഥലത്താണ് കൃഷി. ചുരക്ക, മത്തൻ, വെണ്ട, ചീര, പയർ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്തത്. നാട്ടിൽ കുറച്ച് കൃഷിയുണ്ടായിരുന്നു. അതുകൊണ്ട് ജീവിക്കാൻപറ്റാത്ത സാഹചര്യത്തിലാണ് കേരളത്തിലെത്തിയത്. ചുരുങ്ങിയ സ്ഥലത്ത് ചെയ്ത കൃഷികൊണ്ട് തനിക്ക് ആവശ്യമുള്ള പച്ചക്കറികൾ പൂർണമായും ലഭിക്കുന്നുണ്ടെന്ന് വിജയ് പറയുന്നു.
ജൈവമാലിന്യവും ചാരവും ഇടുന്നതൊഴിച്ചാൽ മറ്റു വളപ്രയോഗങ്ങളോ കീടനാശിനി ഉപയോഗമോ ഇല്ല.
സ്കൂൾ അന്തരീക്ഷത്തിന് കോട്ടംവരുത്താതെ കെട്ടിടനിർമാണപരിസരം ശുചിയായി സൂക്ഷിക്കുകയും ചെയ്യുന്നു. നിർമാണസ്ഥലത്ത് പരിസ്ഥിതിക്ലബ് നിർമിച്ച പൂന്തോട്ടം പരിപാലിക്കാനും സമയം കണ്ടെത്തുന്നു. വിജയ്ക്ക് നാട്ടിൽ ഭാര്യയും രണ്ടിലും നാലിലും പഠിക്കുന്ന മൂന്നു കുട്ടികളുമുണ്ട്.









0 comments