‘ഓപ്പറേഷൻ വാഹിനി’യുടെ മറവിൽ മണൽ കടത്തിയെന്ന് പരാതി

പറവൂർ
വടക്കേക്കര പഞ്ചായത്തിൽ മേജർ ഇറിഗേഷൻ വകുപ്പിന്റെ ‘ഓപ്പറേഷൻ വാഹിനി' പദ്ധതിയുടെ മറവിൽ കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ മണൽക്കൊള്ള നടന്നതായി പരാതി.
പഞ്ചായത്ത് അധികൃതർ മേജർ ഇറിഗേഷൻ വകുപ്പിന് നൽകിയ പരാതി പൊലീസിന് കൈമാറിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ അറിവോടെ കേസന്വേഷണം അട്ടിമറിക്കുന്നതായി സൂചന. 11, 12 തീയതികളിലായി ഏകദേശം 40 ലോഡ് മണലാണ് കടത്തിയത്. മണൽ കടത്തിയ വാഹനത്തിന്റെ ചിത്രവും നമ്പറും ഉൾപ്പെടെ മേജർ ഇറിഗേഷൻ വകുപ്പിനും പൊലീസിനും പരാതി നൽകിയെങ്കിലും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്.
കുര്യാപ്പിള്ളി പാലത്തിനുതാഴെനിന്ന് കോരിയ മണലാണ് ഇവർ കടത്തിയത്. മണൽ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ട രണ്ട് വാർഡ് അംഗങ്ങൾ സ്ഥലത്തെത്തി ചോദ്യംചെയ്തെങ്കിലും മണൽ കൊണ്ടുപോകുന്നവർ ഒരു പാസ് ഉയർത്തിക്കാട്ടി. പാസിൽ ‘ഇറിഗേഷൻ' എന്ന് രേഖപ്പെടുത്തിയിരുന്നതിനാൽ ഇവർ കൂടുതൽ പരിശോധന നടത്തിയില്ല.
പിന്നീട് വകുപ്പിനെ ബന്ധപ്പെട്ടപ്പോഴാണ് പാസോ അനുമതിയോ ആർക്കും നൽകിയിട്ടില്ലെന്നും മണൽ കൊണ്ടുപോയവർ കാണിച്ചതു വ്യാജ പാസാണെന്നും വ്യക്തമായത്. ഇറിഗേഷൻ അധികൃതരുടെ പരാതിയിൽ പൊലീസ്, ഇറിഗേഷൻ ഉദ്യോഗസ്ഥരെയും വാഹനയുടമയെയും വിളിച്ചുവരുത്തിയെങ്കിലും തുടർനടപടി സ്വീകരിക്കുന്നതിൽ അലംഭാവം കാട്ടുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ് പറഞ്ഞു.
ജനപ്രതിനിധിയായ കോൺഗ്രസ് നേതാവിന്റെ ഭർത്താവിന് ഇതിൽ പങ്കുണ്ടെന്നും സംഭവത്തിനുപിന്നിൽ ഉന്നതരുടെ ഇടപെടലുകളുണ്ടെന്നും സംശയമുയർന്നിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും കെ എസ് സനീഷ് ആവശ്യപ്പെട്ടു.










0 comments