ad
Deshabhimani

print edition "ഓപ്പറേഷൻ കമ്പോഡിയ': ഡിജിറ്റൽ തട്ടിപ്പ് തലവൻ ഡൽഹിയിൽ പിടിയിൽ

Operation Cambodia

അബ്ദുറഹ്‌മാൻ

വെബ് ഡെസ്ക്

Published on Jun 08, 2026, 02:27 AM | 2 min read

കൊച്ചി


കമ്പോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സൈബർതട്ടിപ്പ് സംഘത്തലവൻ പാലക്കാട് തൂത സ്വദേശി അബ്ദുറഹ്മാനെ (24) കൊച്ചി സിറ്റി സൈബർ പൊലീസ് ഡൽഹിയിൽനിന്ന്‌ പിടികൂടി. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറിൽനിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്‌ അറസ്‌റ്റ്‌. ഇയാൾക്കായി പൊലീസ്‌ ലുക്ക‍ൗട്ട്‌ നോട്ടീസ്‌ പുറത്തിറക്കിയിരുന്നു. ഡൽഹിയിൽ വിമാനമിറങ്ങിയപ്പോഴാണ്‌ പിടിയിലായത്‌.


‘ഓപ്പറേഷൻ കമ്പോഡിയ’ എന്ന പേരിലായിരുന്നു അന്വേഷണം. സമൂഹമാധ്യമങ്ങളിലൂടെ ട്രേഡിങ്, ലോൺ ആപ്പ് പരസ്യങ്ങൾവഴിയാണ്‌ ഇരകളെ കണ്ടെത്തിയിരുന്നത്‌. പിന്നീട് മാട്രിമോണിയൽ സൈറ്റുകളും തട്ടിപ്പിന്‌ കരുവാക്കുകയായിരുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരിൽ ആയിരത്തിലധികം വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് വിവാഹാലോചനയുടെ പേരിൽ സൗഹൃദം സ്ഥാപിച്ചശേഷം ട്രേഡിങ്ങിലേക്ക് നിക്ഷേപിക്കാൻ പ്രേരിപ്പിക്കും.

ഉയർന്ന ലാഭമാണ്‌ വാഗ്‌ദാനം. ഇരകളിൽനിന്ന് തട്ടിയെടുക്കുന്ന പണം ഇന്ത്യയിലെ വിവിധ മ്യൂൾ അക്കൗണ്ടുകളിലേക്കാണ് ആദ്യം മാറ്റുന്നത്.


തുടർന്ന് ഏജന്റുമാർവഴി പണം പിൻവലിച്ച് കൈമാറുകയും ഹവാല, ക്രിപ്റ്റോ കറൻസി ഇടപാടുകൾവഴി വിദേശത്തേക്ക് കൈമാറ്റം നടത്തുകയും ചെയ്യും. കേസിൽ നേരത്തേ നാല് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സൈബർ എസിപി അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷെമീർഖാൻ, എസ്‌സിപിഒ അജിത് രാജ്, എസ്‌സിപിഒ അരുൺ ആർ എന്നിവരടങ്ങിയ സംഘമാണ് ഡൽഹിയിൽനിന്ന് പ്രതിയെ പിടികൂടിയത്.


കന്പോഡിയ സൈബർ തട്ടിപ്പുകേന്ദ്രം; 
മികവ്‌ തെളിയിച്ചു, ടീം ലീഡറായി


കൊച്ചി


ഇന്ത്യയെ ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പുകളുടെ പ്രധാന കേന്ദ്രമായി കമ്പോഡിയ. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറിൽനിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നടത്തിയ അന്വേഷണത്തിൽ നിർണായക വിവരങ്ങളാണ്‌ പൊലീസിന്‌ ലഭിച്ചത്‌.

ഇന്ത്യയിൽനിന്നുള്ള യുവാക്കളെ സന്ദർശകവിസയിൽ തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെത്തിച്ചശേഷം റോഡ് മാർഗം കമ്പോഡിയയിലേക്ക് കടത്തും. അവിടെ ഓൺലൈൻ ഡെലിവറി കമ്പനികളുടെ പേരിൽ വ്യാജ തൊഴിൽ വിസകൾ ഒരുക്കി സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ ജോലിക്ക്‌ നിയോഗിക്കും. തട്ടിപ്പിനാവശ്യമായ പരിശീലനവും നൽകും.


2022 മുതൽ കമ്പോഡിയയിലെ തട്ടിപ്പ് കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന അബ്ദുറഹ്മാന്റെ ആദ്യചുമതല ഇരകൾക്ക് സന്ദേശങ്ങൾ അയക്കലും ഫോൺ വിളിക്കുന്നതുമായിരുന്നു. തട്ടിപ്പിൽ മികവ് തെളിയിച്ചതിനെ തുടർന്ന് ചൈനീസ് നിയന്ത്രണത്തിലുള്ള സംഘത്തിൽ ടീം ലീഡറായി ഉയർന്നു. തുടർന്ന് ഇന്ത്യയിൽനിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചുമതലയും ഇയാൾക്കായിരുന്നു.


കൊച്ചി സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആയിരത്തിലധികം വ്യാജ മാട്രിമോണിയൽ പ്രൊഫൈലുകൾ കണ്ടെത്തി വിവിധ സൈറ്റുകളിൽനിന്ന്‌ നീക്കം ചെയ്തു. മാട്രിമോണിയൽ സൈറ്റുകളിലൂടെ പരിചയപ്പെടുന്നവരുടെ നിർദേശപ്രകാരം ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിക്കരുതെന്നും വിദേശത്ത് നിന്ന് പണം അയക്കാൻ ലൈസൻസുള്ള സ്ഥാപനങ്ങളെമാത്രം ആശ്രയിക്കണമെന്നും സംശയാസ്പദമായ സൈബർ ഇടപാടുകൾ 1930 എന്ന ഹെൽപ്‌ലൈൻ നമ്പരിൽ അറിയിക്കണമെന്നും സൈബർ പൊലീസ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home