ad
Deshabhimani

ഓടുന്ന മെട്രോ മത്സരവേദിയാകും

ഓപ്പൺ എഐ ഹാക്കത്തോൺ 18ന്‌

Open AI Hackathon
avatar
സ്വന്തം ലേഖകൻ

Published on Jul 11, 2026, 03:04 AM | 1 min read

കൊച്ചി


ഓടുന്ന ട്രെയിനിലിരുന്ന്‌ എഐ ടൂളുകൾ നിർമിക്കുന്ന ‘കോഡെക്‌സ്‌ നൈറ്റ്‌ലൈൻ’ ഓപ്പൺ എഐ ഹാക്കത്തോണിന്‌ കൊച്ചി മെട്രോ വേദിയാകുന്നു. 18ന്‌ രാത്രി 9.30ന്‌ ആരംഭിച്ച്‌ 19ന്‌ പുലർച്ചെ അഞ്ചിന്‌ പൂർത്തിയാകുംവിധമാണ്‌ മത്സരം ക്രമീകരിച്ചിട്ടുള്ളത്‌.


പതിവ്‌ സർവീസ്‌ അവസാനിച്ചശേഷം രാത്രി 11ന്‌ ആരംഭിച്ച്‌ ആലുവയ്‌ക്കും തൃപ്പൂണിത്തുറയ്‌ക്കുമിടയിൽ രണ്ടുമണിക്കൂർ യാത്ര നടത്തുന്ന ട്രെയിനിലാണ്‌ മത്സരം. 100 ടെക്കികളാണ്‌ മത്സരാർഥികൾ.

എ ഐ ഹാക്കത്തോണുകൾ ലോകത്താകെ നടക്കുന്നുണ്ടെങ്കിലും ഓടുന്ന മെട്രോ ട്രെയിനിൽ ഇത്‌ സംഘടിപ്പിക്കുന്നത്‌ ആദ്യമാണെന്ന്‌ സംഘാടകർ അവകാശപ്പെടുന്നു.


ചാറ്റ് ജിപിടി നിർമാതാക്കളായ ഓപ്പൺ എഐയുടെ കോഡെക്സ് പ്ലാറ്റ്ഫോം കൂട്ടായ്മയാണ് കോഡെക്സ് നൈറ്റ് ലൈൻ സംഘടിപ്പിക്കുന്നത്. സോഫ്റ്റ്‌വെയറുകൾ നിർമിക്കുന്ന ഓപ്പൺ എഐയുടെ എഐ ഏജന്റായ കോഡെക്സ് ഉപയോഗിച്ച് ടൂളുകൾ നിർമിക്കലാണ്‌ മത്സരാർഥികൾ ചെയ്യേണ്ടത്‌. സങ്കീർണമായ കോഡിങ് രീതികൾക്കുപകരം സാധാരണ ഭാഷയിൽ നൽകുന്ന പ്രോംപ്റ്റുകളിലൂടെ അതിവേഗം സോഫ്റ്റ്‌വെയറുകൾ നിർമിക്കാൻ സഹായിക്കുന്ന പ്ലാറ്റ്‌ഫോമാണ് കോഡെക്സ്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 100 പേർക്കാണ്‌ മത്സരിക്കാൻ അവസരം.

രാത്രി 9.30ന്‌ രജിസ്‌ട്രേനുൾപ്പെടെ നടപടി ആരംഭിച്ച്‌ 11ന്‌ മെട്രോ മത്സരാർഥികളുമായി വൈറ്റിലയിൽനിന്ന് ആലുവയിലേക്ക് പുറപ്പെടും. തിരിച്ച് തൃപ്പൂണിത്തുറയിലെത്തിയശേഷം വൈറ്റിലയിൽ എത്തുന്ന പുലർച്ചെ ഒന്നിന്‌ മത്സരം പൂർത്തിയാകും. രണ്ടുമണിക്കൂറിനുള്ളിൽ 100 എഐ ടൂളുകൾ നിർമിക്കുക എന്നതാണ് ടാസ്‌ക്‌. നഗരഗതാഗതം, കമ്യൂണിറ്റി, പ്രൊഡക്ടിവിറ്റി, ബിസിനസ് ആൻഡ് ക്രിയേറ്റർ ടൂൾസ് എന്നിങ്ങനെ നാല് പ്രധാന തീമുകളിൽ ടൂളുകൾ തയ്യാറാക്കാം.

മത്സരാർഥികൾ നിർമിച്ച എഐ ടൂളുകൾ വിദഗ്‌ധസമിതി പരിശോധിക്കും. ഏറ്റവും മികച്ച മൂന്ന് പ്രോജക്ടുകൾക്ക് സമ്മാനങ്ങൾ നൽകും. ഹാക്കത്തോണിൽ പങ്കെടുക്കാൻ ഇതിനകം ആയിരത്തോളം അപേക്ഷ ലഭിച്ചതായി സംഘാടകരിലൊരാളായ കൊച്ചിയിലെ ഓപ്പൺ എഐ കോഡെക്സ് അംബാസഡർ വൈശാഖ് സുരേഷ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home