ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്
25 കോടി തട്ടിയ കേസിൽ 3 പ്രധാന പ്രതികൾ പിടിയിൽ

കൊച്ചി
ഓൺലൈൻ ട്രേഡിങ്ങിലൂടെ എറണാകുളം സ്വദേശിയിൽനിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളായ മൂന്ന് കോഴിക്കോട് സ്വദേശികൾ അറസ്‌റ്റിൽ. കോഴിക്കോട് കൊടുവള്ളി പറമ്പത്തെക്കുളങ്ങര പി കെ റഹീസ് (39), ആരക്കൂർ തോളാമുത്തംപറമ്പ് വളപ്പിൽ വി അൻസാർ (39), പന്തീരാങ്കാവ് നരിക്കുന്നിമേതേൽ സി കെ അനീസ് റഹ്‌മാൻ (25) എന്നിവരെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്‌തത്.
40 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ, 250 സിംകാർഡുകൾ, 40 മൊബൈൽ ഫോണുകൾ, നിരവധി ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും, നിരവധി ഡെബിറ്റ് കാർഡുകൾ തുടങ്ങിയവ പ്രതികൾ കുറ്റകൃത്യത്തിനായി ഉപയോഗിച്ച കോഴിക്കോട്ടെ ഫ്ലാറ്റിൽനിന്ന് പിടിച്ചെടുത്തു.
‘ക്യാപ്പിറ്റലിക്‌സ്’ എന്ന വെബ്സൈറ്റ് വഴി ട്രേഡിങ് നടത്തി ഉയർന്നലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 90 തവണകളായി 25 കോടി രൂപയാണ് സംഘം തട്ടിയെടുത്തതെന്ന് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2023 മാർച്ച് 15 മുതൽ ആഗസ്‌ത് 29 വരെ 25 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഇവർ പണം തട്ടിയെടുത്തത്.
ഫെയ്‌സ്ബുക്ക് പരസ്യം കണ്ടാണ് പരാതിക്കാരൻ ഇവരെ സമീപിച്ചത്. ക്യാപ്പിറ്റലിക്സ് കമ്പനിയുടെ പേരിൽ ഷെയർ ട്രേഡിങ്ങിലൂടെ പെട്ടെന്ന് ഉയർന്ന ലാഭം ലഭിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. നിരവധിപ്പേരിൽനിന്ന് ബാങ്ക് അക്കൗണ്ടുകൾ കമീഷൻ നൽകി കൈവശപ്പെടുത്തി ഇതിലൂടെയാണ് തട്ടിപ്പ് നടത്തിയത്.
സെപ്‌തംബർ 16ന് ഇതേകേസിൽ കൊല്ലം അഞ്ചൽ സ്വദേശിനി ജി സുജിതയെ (35) അന്വേഷകസംഘം അറസ്‌റ്റ് ചെയ്‌തിരുന്നു. സുജിത ഉപയോഗിച്ച സിംകാർഡ് ഇട്ടിരുന്ന ഫോൺ പ്രതികളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഡിസിപി ജുവനപ്പടി മഹേഷ്, എസിപിമാരായ ടി ആർ ജയകുമാർ, ഉമേഷ് ഗോയൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പണം ക്രിപ്‌റ്റോ ആക്കിയതായി സംശയം
തട്ടിയെടുത്ത പണത്തിൽനിന്ന് 3.4 ലക്ഷം രൂപ പ്രതികൾ കൈവശപ്പെടുത്തിയതായി അന്വേഷകസംഘം കണ്ടെത്തി. തട്ടിയെടുത്ത പണത്തിൽ 40 ലക്ഷം രൂപ പൊലീസിന്റെ ഇടപെടലിനെ തുടർന്ന് പിടിച്ചുവച്ചിട്ടുണ്ട്. ഇത് തിരികെ ലഭിക്കാനുള്ള ശ്രമം നടക്കുകയാണ്. തട്ടിയെടുത്ത പണത്തിന്റെ 90 ശതമാനവും വിദേശത്തേക്ക് കടത്തിയതായാണ് സംശയിക്കുന്നത്. പണം ക്രിപ്‌റ്റോകറൻസിയാക്കിയതായും സംശയിക്കുന്നുണ്ട്.
പ്രതികൾ വിദേശത്തെത്തി, തട്ടിപ്പിന്റെ കേന്ദ്രം കോഴിക്കോട്ടെ ഫ്ലാറ്റ്
കൊച്ചി
ഓൺലൈൻ ട്രേഡിങ്ങിലൂടെ എറണാകുളം സ്വദേശിയിൽനിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികൾ വിദേശരാജ്യങ്ങിലെത്തിയതായി അന്വേഷകസംഘം കണ്ടെത്തി. തായ്‌ലൻഡ്, ഹോങ്‌കോങ് എന്നിവിടങ്ങളിൽ എത്തിയിരുന്നതായാണ് കണ്ടെത്തൽ. ഇവിടെ ഇവർ നടത്തിയ ഇടപാടുകളെക്കുറിച്ച് കൊച്ചി സിറ്റി സൈബർ പൊലീസ് അന്വേഷിച്ചുവരികയാണ്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷകസംഘം സംശയിക്കുന്നു.
അറസ്‌റ്റിലായ വി അൻസാർ, പി കെ റഹീസ് എന്നിവർ കോഴിക്കോട് പന്തീരാങ്കാവിലെ ഫ്ലാറ്റ് കേന്ദ്രമാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനടുത്ത് താമസിച്ചിരുന്ന സി കെ അനീസ് റഹ്‌മാൻ ഇവരുടെ സുഹൃത്താണ്. അനീസും ഫ്ലാറ്റിൽ എത്തിയിരുന്നതായി സംശയിക്കുന്നു. ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്‌തിരുന്നത് റഹീസാണ്. സിം കാർഡുകൾ സംഘടിപ്പിച്ചിരുന്നത് അനീസാണ്. ട്രേഡിങ് ജോലിയാണ് തങ്ങൾക്കെന്നാണ് ഇവർ നാട്ടിൽ പറഞ്ഞിരുന്നത്. തട്ടിപ്പിൽനിന്ന് ലഭിച്ച പണം ആഡംബരജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്.
പ്രതികൾ കൈവശംവച്ചിരുന്ന വാടക അക്കൗണ്ടുകളില്‍ ചിലത് നേരത്തേ കൈകാര്യം ചെയ്തിരുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പുസംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ സംഘത്തിന് തട്ടിപ്പുമായി ബന്ധമുണ്ടോയെന്ന് വിശദമായി പരിശോധിക്കും.










0 comments