ad
Deshabhimani

 മദ്യം കുടിപ്പിച്ച്‌ കിടത്തിയശേഷം മോഷണം

ഒഡിഷക്കാരനിൽനിന്ന്‌
3 ലക്ഷം കവർന്ന 2 പേർ പിടിയിൽ

prathikal
വെബ് ഡെസ്ക്

Published on Dec 16, 2025, 02:10 AM | 1 min read

കൊച്ചി



അമേരിക്കൻ പൗരത്വമുള്ള ഒഡിഷക്കാരനിൽനിന്ന്‌ പണമടക്കം മൂന്നുലക്ഷത്തിലധികം രൂപയുടെ വസ്തുക്കൾ കവർന്ന രണ്ടുപേർ അറസ്‌റ്റിൽ.‍ ഒഡിഷ സ്വദേശി പരേഷ് പുഹാനെ കൊള്ളയടിച്ച സംഭവത്തിൽ ആമ്പല്ലൂർ നെടുന്പള്ളി വീട്ടിൽ ആദർശ്‌ ചന്ദ്രൻ, പള്ളുരുത്തി രാമേശ്വരം ചരിപറന്പത്ത്‌ വീട്ടിൽ ആകാശ്‌ (23) എന്നിവരെയാണ്‌ സെൻട്രൽ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.



ഡ്രൈഡേയായ വോട്ടെണ്ണൽ ദിനത്തിൽ മദ്യം സംഘടിപ്പിച്ച് പരേഷ് പുഹാന്‌ നൽകി സ‍ൗഹൃദം സ്ഥാപിച്ചശേഷമായിരുന്നു പണം കവർന്നത്‌. ഒന്നിച്ചിരുന്ന് മദ്യപിച്ചശേഷം പരേഷിനെ കൊള്ളയടിച്ച്‌ സ്ഥലം വിടുകയായിരുന്നു. ഞായർ രാവിലെയായിരുന്നു സംഭവം.

കേരളം ചുറ്റിക്കാണാൻ കുറച്ചുദിവസംമുമ്പാണ് പരേഷ് പുഹാൻ കൊച്ചിയിലെത്തിയത്. മറൈൻഡ്രൈവിലെ ഹോട്ടലിലായിരുന്നു താമസം. 13ന് വോട്ടെണ്ണലായിരുന്നതിനാൽ ഡ്രൈഡേ പ്രഖ്യാപിച്ചിരുന്നു. മദ്യം സംഘടിപ്പിക്കാനുള്ള അന്വേഷണത്തിലാണ് പരേഷ്‌, ആദർശിനെ പരിചയപ്പെട്ടത്. മദ്യം സംഘടിപ്പിക്കാമെന്ന് ഉറപ്പുനൽകിയ ആദർശ് ഒന്നിച്ചിരുന്ന് കഴിക്കാമെന്ന്‌ പറഞ്ഞു. ഇത് സമ്മതിച്ചതോടെ വൈകിട്ട് മദ്യവുമായി പരേഷിന്റെ മുറിയിൽ എത്തി. അമിതമായി മദ്യം അകത്താക്കിയ പരേഷ്‌ ഉറങ്ങിപ്പോയി. മോഷണം ആസൂത്രണം ചെയ്‌ത ആദർശ് കൂട്ടാളിയോട് ഞായർ രാവിലെ ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ടു.


പുലർച്ചെ ആദർശും ആകാശും ചേർന്ന് പരേഷിനെ മർദിച്ച് അവശനാക്കി ഡോളറും സ്വർണാഭരണവും കൈക്കലാക്കി. പരേഷ് പുഹാനെയുടെ ഫോൺ പേ അക്കൗണ്ട് വഴി മൂന്ന്‌ ഫോൺ നമ്പറുകളിലേക്ക് 25,000 രൂപ വീതം 75000 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. എടിഎം കാർഡ് കൈവശപ്പെടുത്തി 10,000 രൂപ വീതം നാല്‌ തവണകളായി 40,000 രൂപയും പിൻവലിച്ചു. ഇയാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 500 അമേരിക്കൻ ഡോളറും 15,000 രൂപയും 10 ഗ്രാം തൂക്കം വരുന്ന സ്വർണമോതിരവും അടക്കം 3,10,290 രൂപയുടെ കവർച്ചയാണ്‌ നടത്തിയത്‌.


പരേഷ് പുഹാൻ ഞായർ വൈകിട്ടോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ്‌ പ്രതികളെ തിരിച്ചറിഞ്ഞത്‌. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആദർശിനെ തിങ്കളാഴ്‌ച പേട്ടയിൽനിന്ന്‌ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇയാൾ താമസിച്ചിരുന്ന പേട്ടയിലെ ലോഡ്‌ജിന്റെ ഒന്നാംനിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. ഇയാളെ പിടികൂടുന്നതിനിടെ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ സർജുവിന് കാലിന് പരിക്കേറ്റു. സാരമുള്ളതല്ല. ആകാശിനെ കുമ്പളങ്ങിയിൽനിന്നാണ്‌ അറസ്റ്റ് ചെയ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home