Deshabhimani

മുഖ്യമന്ത്രിയുടെ വാഗ്‌ദാനവും പാഴായി

പുത്തൻവേലിക്കരയിൽ 
ആറുദിവസമായി കുടിവെള്ളമില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2026, 02:33 AM | 1 min read

പറവൂർ


ഉപ്പുവെള്ളം കയറി പമ്പിങ് നിലച്ചതിനെ തുടർന്ന് ആറുദിവസമായി കുടിവെള്ളം കിട്ടാതെ പുത്തൻവേലിക്കര പഞ്ചായത്തിലെ ജനങ്ങൾ ദുരിതത്തിൽ. പെരിയാറില്‍നിന്ന്‌ വേലിയേറ്റസമയത്ത് ഉപ്പുവെള്ളം ചാലക്കുടി പുഴയിലേക്ക് കയറുന്നതാണ് പ്രശ്നം സങ്കീർണമാക്കുന്നത്. കണക്കന്‍കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറിന്റെ ചോര്‍ച്ചകളിലൂടെയാണ് ഓരുജലം കയറുന്നത്. ഇളന്തിക്കരയെ കോഴിത്തുരുത്തുമായി ബന്ധിപ്പിച്ച് മണല്‍ബണ്ട് കെട്ടാന്‍ ഡ്രഡ്ജിങ്‌ ആരംഭിച്ചെങ്കിലും ഡ്രഡ്ജർ കേടായതുമൂലം പണി നിർത്തി.


ജലക്ഷാമം രൂക്ഷമായതോടെ വാർഡുകളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. സ്വകാര്യ ടാങ്കറുകളിൽ എത്തിക്കുന്ന കുടിവെള്ളം അമിതവിലയ്ക്ക് വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. കോൺഗ്രസ് ഭരണത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും പ്രശ്നപരിഹാരത്തിന് ഇടപെടുന്നില്ല.


കുടിവെള്ളം മുട്ടിക്കുന്ന യുഡിഎഫ് നയത്തിനെതിരെ ബുധനാഴ്ച മുഴുവൻ വാർഡുകളിലും സിപിഐ എം നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തും. വേനല്‍ കടുക്കുന്നതിനുമുന്പേ താല്‍ക്കാലിക മണല്‍ബണ്ടിന്റെ പണി പൂര്‍ത്തിയാക്കണമെന്നും ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് പുത്തൻവേലിക്കര ലോക്കൽ സെക്രട്ടറി സി എ സജീവും പഞ്ചായത്ത് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ കെ വി ബൈജുവും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home