ദേശീയപാത 66 ; പെരുമ്പടന്ന ചക്കരക്കടവ് റോഡിൽ അടിപ്പാത നിർമിക്കും

പറവൂർ
ദേശീയപാത 66ൽ പെരുമ്പടന്ന ഡോൺബോസ്കോ പള്ളിക്കുസമീപം ചക്കരക്കടവ് റോഡിൽ ചെറുവാഹനങ്ങൾക്കുള്ള അടിപ്പാത നിർമിക്കും. പെരുമ്പടന്ന ജനകിയ വികസന സംരക്ഷണസമിതി ആവശ്യപ്പെട്ടത് അനുസരിച്ച് കലക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് തീരുമാനം. 3 x10 മീറ്റർ അടിപ്പാതയാണ് നിർമിക്കുന്നത്. പെരുമ്പടന്ന എൽപി സ്കൂളിനടുത്ത് എക്സിറ്റും എൻട്രിയും സ്ഥാപിക്കും.
വഴിക്കുളങ്ങരമുതൽ പെരുമ്പടന്നവരെയുള്ള നഗരസഭാ പ്രദേശത്ത് എക്സിറ്റ്, എൻട്രികൾ ഏതൊക്കെയെന്ന് വ്യക്തമാക്കുന്ന രൂപരേഖ രണ്ടു ദിവസത്തിനകം ദേശീയപാത അധികൃതർ നഗരസഭയ്‌ക്ക് കൈമാറും. മൂടിപ്പോയ കാനകൾക്ക് പകരമായി പുതിയവ എവിടെയെല്ലാം വേണമെന്നതിനെപ്പറ്റി വിശദ റിപ്പോർട്ട് നഗരസഭ സമർപ്പിക്കണം. ഇതിനാവശ്യമായ എസ്‌റ്റിമേറ്റ് തുക നഗരസഭയ്‌ക്ക് കൈമാറും. സർവീസ് റോഡിലേക്ക് നടപ്പാത നഗരസഭാ റിപ്പോർട്ട് അനുസരിച്ച് അനുവദിക്കും. സർവീസ് റോഡിലേക്ക് ഗതാഗതത്തിന് കോൺക്രീറ്റ് റാംപ് സ്ഥാപിക്കും. സർവീസ് റോഡിന്റെ വശങ്ങളിൽ മണ്ണിട്ട് നിറയ്‌ക്കുന്നതുമൂലമുള്ള പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ പ്രദേശത്തെ കൗൺസിലർമാരുടെ യോഗം വിളിക്കും. പറവൂർ പാലത്തിനടുത്തെ അശാസ്ത്രീയ നിർമാണവും യുടേൺ വിഷയം ഉൾപ്പടെ ഉന്നയിച്ച് നിയമനടപടി തുടരുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
യോഗത്തിൽ നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ്, ദേശീയപാത പ്രോജകറ്റ് ഡയറക്ടർ പി പ്രദീപ്, തഹസിൽദാർ ടി ആർ സംഗീത്, സമരസമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.










0 comments