ad
Deshabhimani

സൂക്ഷിച്ചോ ഈ ‘ഹാപ്പി ന്യൂ ഇയറി'നെ

nettricks
avatar
ശ്രീരാജ്‌ ഓണക്കൂർ [email protected]

Published on Jan 01, 2026, 02:50 AM | 1 min read

കൊച്ചി


‘ഹാപ്പി ന്യൂ ഇയർ', ഈ സന്ദേശം കാണുമ്പോൾ ആർക്കാണ് സന്തോഷം തോന്നാത്തത്. ഫോണിൽ പരിചയമുള്ളതും ഇല്ലാത്തതുമായ നമ്പറുകളിൽനിന്ന് ഇത്തരം സന്ദേശങ്ങളുടെ കുത്തൊഴുക്കായിരിക്കും ഇനിയുള്ള രണ്ടുമൂന്ന് ദിവസങ്ങളിൽ. ഇത്തരം സന്ദേശങ്ങൾ വരുമ്പോൾ ഒന്ന്‌ ശ്രദ്ധിക്കുക.

പുതുവത്സരാശംസകൾ എന്ന വ്യാജേനയുള്ള ലിങ്കുകൾ വഴി എപികെ ഫയലുകൾ അയച്ച് നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പൊലീസ് മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകൾ നടക്കുന്നതായി ജമ്മു കശ്മീർ ക്രൈംബ്രാഞ്ചിന് കീഴിലുള്ള സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെന്റർ ഫോർ എക്‌സലൻസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. പുതുവത്സരാശംസകളുടെയോ പുതുവത്സര സമ്മാന വാഗ്ദാനങ്ങളുടെയോ പേരിലാണ് സൈബർ ക്രിമിനലുകൾ ഇത്തരം വ്യാജ സന്ദേശങ്ങൾ അയച്ച് മുതലെടുക്കുന്നത്. എസ്എംഎസ്, വാട്സാപ്, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ, ഇ- മെയിൽ എന്നിവ വഴിയാണ് സന്ദേശങ്ങളയക്കുന്നത്. ഇതിൽ “NewYear.apk” എന്ന് പേരുള്ള സംശയാസ്പദമായ ലിങ്കുകളോ ഫയലുകളോ അടങ്ങിയിരിക്കും.

​ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ മൊബൈൽ ഫോണും സന്ദേശമയയ്‌ക്കുന്ന ആപ്പുകൾ ഉൾപ്പെടെയുള്ളവയും തട്ടിപ്പുകാരന്റെ നിയന്ത്രണത്തിലാകും. ഇതുവഴി തട്ടിപ്പുകാരന് വ്യക്തിഗത വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ എന്നിവ ചോർത്താനും നിങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലേക്ക്‌ അനധികൃതമായി പ്രവേശിക്കാനും സാധിക്കും.

​​അപരിചിതമോ സംശയാസ്പദമോ ആയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും മെസേജിങ് ആപ്പുകൾ വഴി വരുന്ന എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യരുതെന്നും സൈബർ വിഭാഗം നിർദേശിക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്‌ സ്റ്റോർ പോലുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽനിന്നുമാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും ഒടിപികൾ, പിൻ നമ്പറുകൾ, ബാങ്ക് വിവരങ്ങൾ എന്നിവ ഒരുകാരണവശാലും മറ്റാരുമായും പങ്കുവയ്‌ക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. തട്ടിപ്പിനിരയായാൽ തൊട്ടടുത്ത സ്റ്റേഷനിലോ ദേശീയ സൈബർ ക്രൈം പോർട്ടൽ നമ്പറായ 1930ലോ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home