നായരന്പലത്തെ നരകമാക്കിയ യുഡിഎഫ് ഭരണം

നായരന്പലം പഞ്ചായത്ത് ശ്‌മശാനം (ഇൻസെറ്റിൽ പൊട്ടിപ്പൊളിഞ്ഞ ഭാഗം)
പി കെ രവീന്ദ്രൻ
Published on Oct 06, 2025, 04:15 AM | 1 min read
വൈപ്പിൻ
നായരന്പലം പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിയുടെ കഴിവുകേടിന്റെയും അനാസ്ഥയുടെയും സ്‌മാരകമാണ് പൊതുശ്മശാനം. ഒരുകോടി ചെലവഴിച്ച് ശ്മശാനം പുതുക്കിപ്പണിയുടെ ആദ്യഘട്ടമെത്തിയപ്പോഴായിരുന്നു തെരഞ്ഞെടുപ്പും ഭരണമാറ്റവും. വാതകം ഉപയോഗിച്ചുള്ള മൃതദേഹ സംസ്‌കാരമാണ് തീരുമാനിച്ചിരുന്നത്.
അറ്റകുറ്റപ്പണിയുടെ പേരിൽ ഒന്നരവർഷം ശ്മശാനം അടച്ചിട്ടു. വെള്ളംകയറി വൃത്തിഹീനമായ അന്തരീക്ഷത്തിലുള്ള ശ്മശാനം ഇന്നും അധോഗതിയിൽത്തന്നെ. അഞ്ചുവർഷം കഴിഞ്ഞിട്ടും ശ്മശാനത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായില്ല. ഇപ്പോൾ ഒരുമൃതദേഹംമാത്രമാണ് ഒരുദിവസം സംസ്കരിക്കാനാകൂ.
സംസ്ഥാന സർക്കാർ നൽകുന്ന പദ്ധതിപ്പണവും എംഎൽഎയുടെ പദ്ധതികളും കിഫ്ബിവഴി ലഭ്യമായ പദ്ധതികളും രാഷ്ട്രീയക്കളി നടത്തി അട്ടിമറിക്കാൻ ഭരണസമിതി ശ്രമിച്ചു. എന്നാൽ, നടപ്പിലായപ്പോൾ ക്രെഡിറ്റ് അവകാശപ്പെട്ടു. ജീവിതനിലവാരം ഉയർത്താനും പശ്ചാത്തല സൗകര്യമൊരുക്കാനും പദ്ധതികളൊന്നും പഞ്ചായത്തിന്റെ തനതുവരുമാനം ഉപയോഗിച്ച് നടപ്പാക്കിയില്ല. പ്രധാന വരുമാനസ്രോതസ്സായ മത്സ്യകാപ്പുകൾ സംരക്ഷിക്കാനായില്ല. സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൊതുമാർക്കറ്റ് നിർമിക്കാൻ 2021ൽ അനുവദിച്ചിട്ടും നിരാക്ഷേപപത്രം നൽകാതെ വൈകിപ്പിച്ചു.
പഞ്ചായത്ത് കോമ്പൗണ്ടിലെ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുവിറ്റു
മാർക്കറ്റിലെ മാലിന്യപ്രശ്നം പരിഹരിച്ചില്ല
ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനം നിലച്ചു
കുടുങ്ങാശേരി ഷോപ്പിങ് കോംപ്ലക്സ് തറക്കല്ലിൽ ഒതുങ്ങി
ആയുർവേദ ആശുപത്രി ഉദ്‌ഘാടനം നടത്തിയെങ്കിലും പൂർണതോതിൽ തുറന്നുകൊടുത്തില്ല
കിടപ്പുരോഗികളുടെ പരിചരണത്തിന് ഉപകരണങ്ങൾ പലതും കേടായി
ആശ്രയ പദ്ധതിയിൽ ഭക്ഷ്യകിറ്റ് വിതരണം മുടങ്ങുന്നു
ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ പദ്ധതി താറുമാറായി
അതിദരിദ്രരുടെ പേരുകൾ രാഷ്‌ട്രീയത്തിന്റെ പേരിൽ വെട്ടിമാറ്റി
വേലിയേറ്റ വെള്ളപ്പൊക്കം ദുരിത സഹായത്തിന് സർക്കാർ പദ്ധതിയിലേക്ക് നിർദേശം നൽകിയില്ല
കോൺഗ്രസ് നേതാവിന്റെ പ്രതിമ സ്ഥാപിക്കാൻ തനതുഫണ്ട് ദുരുപയോഗിച്ചു










0 comments