എൽഎഫ് ആശുപത്രി നവതി ആഘോഷ സമാപനം ആഗസ്ത് 8ന്

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി
അങ്കമാലി
അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയുടെ നവതി ആഘോഷ സമാപനസമ്മേളനം ആഗസ്ത് എട്ടിന് നടക്കും. രാവിലെ 10ന് മുഖ്യമന്ത്രി വി ഡി സതീശൻ സമ്മേളനം ഉദ്ഘാടനംചെയ്യും. ഒന്നിന് രാവിലെ ഒമ്പതിന് ലഹരിവിരുദ്ധ സന്ദേശവുമായി നഗരംചുറ്റി വാക്കത്തോൺ സംഘടിപ്പിക്കുന്നുണ്ട്. നാലിന് പകൽ മൂന്നിന് മന്ത്രി സണ്ണി ജോസഫ് സോളാർ പാനലുകളും ലൈറ്റുകളും ഉദ്ഘാടനംചെയ്യും. 1936ൽ മാർ അഗസ്റ്റിൻ കണ്ടത്തിൽ മെത്രാപോലീത്തയുടെ നേതൃത്വത്തിൽ ക്ലിനിക്കായി തുടങ്ങിയ സ്ഥാപനം വിവിധ ഘട്ടങ്ങളിലൂടെയാണ് ഇന്നത്തെ വളർച്ചയിലെത്തിയതെന്ന് ഡയറക്ടർ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
90–-ാംവർഷത്തിൽ മുപ്പതോളം മൾട്ടി സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗമായി ആശുപത്രിയെ ഉയർത്താനായി. നിലവിൽ 607 കിടക്കകളും 200 ഡോക്ടർമാരും 1600ൽ ഏറെ ജീവനക്കാരുമുണ്ട്. ദിവസവും രണ്ടായിരത്തോളം രോഗികൾക്ക് സേവനം നൽകുന്നുണ്ട്. 25 ആധുനിക ഓപ്പറേഷൻ തിയറ്ററുകളും 14 ഐസിയുകളും പ്രവർത്തിക്കുന്നു. ഹൃദ്‌രോഗ ചികിത്സയ്ക്ക് പ്രത്യേക ബ്ലോക്കുണ്ട്. വിഷ ചികിത്സയും നേത്രചികിത്സയും പ്രസിദ്ധമാണ്. നവതി വർഷത്തിൽ കിടപ്പുരോഗികൾക്ക് സൗജന്യഭക്ഷണം നൽകുന്ന പദ്ധതി തുടങ്ങി. വർഷത്തിൽ നിധനർക്ക് അഞ്ച് കോടി രൂപയുടെ ചികിത്സാസഹായം നൽകുന്നു. നഴ്സിങ്, ഒപ്റ്റോമെട്രി, ഫിസിയോതെറാപ്പി എന്നീ കോഴ്സുകളുമുണ്ട്.
വാർത്താസമ്മേളനത്തിൽ ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേപ്പിള്ളി, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. എബിൻ കളപ്പുരക്കൽ, ഫാ. സെബാസ്റ്റ്യൻ കല്ലറയ്ക്കൽ, ഫാ. ഡേവിസ് പനക്കൽ, ഫാ. സനീഷ് എന്നിവർ പങ്കെടുത്തു.










0 comments