കെഎംആർഎല്ലിന്റെ മണ്ണടി
മൂന്നാംദിവസവും തിരച്ചിൽ വിഫലം; മൂടിപ്പോയ കലുങ്ക് കണ്ടെത്താനായില്ല

കെഎംആർഎല്ലിന്റെ മണ്ണടിമൂലം മൂടിപ്പോയ കലുങ്കിനായി തിരച്ചിൽ തുടരുന്നു
കാക്കനാട്
മെട്രോ റെയിൽ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി നിർമാണസ്ഥലങ്ങളിൽനിന്നുള്ള മണ്ണും നിർമാണാവശിഷ്ടങ്ങളും നിക്ഷേപിച്ച പ്രദേശത്ത് മൂടിപ്പോയ കലുങ്ക് കണ്ടെത്താനുള്ള കെഎംആർഎല്ലിന്റെ ശ്രമം മൂന്നാംദിവസവും ഫലം കണ്ടില്ല. കലുങ്ക് കണ്ടെത്തി നീരൊഴുക്ക് പുനഃസ്ഥാപിക്കാനായില്ലെങ്കിൽ സീപോർട്ട്–എയർപോർട്ട് റോഡിനും തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിക്കും ഗുരുതര ഭീഷണി ഉയരുമെന്ന ആശങ്ക ശക്തമാണ്.
തൃക്കാക്കര നഗരസഭാ ഓഫീസിനും സഹകരണ ആശുപത്രിക്കും ഇടയിലുള്ള ആറേക്കർ വരുന്ന താഴ്ന്ന പ്രദേശത്താണ് കെഎംആർഎൽ മാസങ്ങളായി മണ്ണും ഉപയോഗശൂന്യമായ നിർമാണസാമഗ്രികളും നിക്ഷേപിച്ചത്. ഇതോടെ സീപോർട്ട്–എയർപോർട്ട് റോഡിന് അടിയിലൂടെ കടന്നുപോയിരുന്ന കലുങ്ക് പൂർണമായും മണ്ണിനടിയിലായി. കലുങ്ക് മൂടിയതോടെ പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് നിലച്ചു. വൻതോതിൽ വെള്ളവും മാലിന്യവും കെട്ടിക്കിടക്കുകയാണ്. കലുങ്ക് കണ്ടെത്തിയാൽ മണ്ണും മാലിന്യങ്ങളും നീക്കി വെള്ളം ഒഴുക്കിവിടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎംആർഎൽ. സിവിൽ ലൈൻ റോഡ്, കെബിപിഎസ് വളപ്പുൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്നുള്ള മഴവെള്ളം കലുങ്കിലൂടെയാണ് കിളിയിങ്കൽ തോട്ടിലേക്ക് ഒഴുകിയിരുന്നു. ഇരുപത് വർഷംമുമ്പ് നിർമിച്ച കലുങ്കാണ് മൂടിപ്പോയത്.
വെള്ളവും മാലിന്യവും നിറഞ്ഞ് മർദം കൂടിയാൽ സീപോർട്ട്–എയർപോർട്ട് റോഡിന്റെ അടിഭാഗം തള്ളിപ്പോകാൻ സാധ്യതയുണ്ടെന്ന ആശങ്കയുയർന്നിട്ടുണ്ട്. സഹകരണ ആശുപത്രി കെട്ടിടത്തിന്റെ സുരക്ഷയെയും ബാധിക്കുമെന്ന ഭീതിയിലാണ്. മഴ ശക്തമായാൽ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്ന ഭയപ്പാടിലാണ് പ്രദേശവാസികളും ആശുപത്രി അധികൃതരും.










0 comments