ad
Deshabhimani

നവതിനിറവിൽ 
ഇ‍ൗ മലയാള കാവ്യത്രയം

Navathi
avatar
സ്വന്തം ലേഖകൻ

Published on Jun 28, 2026, 12:49 AM | 1 min read

കൊച്ചി

മലയാളത്തിന്‌ തീരാനൊന്പരങ്ങളുടെ മധുരാനുഭവം സമ്മാനിച്ച മൂന്ന്‌ അനശ്വരകാവ്യങ്ങളുടെ നവതിവർഷമാണിത്‌. മരണത്തോടുള്ള തീവ്രപ്രണയം വെളിപ്പെടുത്തുംമുന്പ്‌ ഇടപ്പള്ളി രാഘവൻ പിള്ള ഹൃദയരക്തത്താൽ കുറിച്ചിട്ട ‘മണിനാദം’, പ്രിയ സുഹൃത്തിന്റെ അകാല വിയോഗത്തിനും സഫലമാകാതെപോയ പ്രണയത്തിനുള്ള ബാഷ്‌പാഞ്ജലിയായി ചങ്ങന്പുഴ കൃഷ്‌ണപിള്ള എഴുതിയ ‘രമണൻ’, നഷ്‌ടവസന്തത്തിന്റെ ചുടുകണ്ണീരാൽ വൈലോപ്പിള്ളി ശ്രീധരമേനോൻ രചിച്ച ‘മാന്പഴം‘ എന്നിവയാണത്‌.


1936ൽ രചിക്കപ്പെട്ട മൂന്നുകവിതകളും തൊണ്ണൂറുവർഷത്തിനിപ്പുറവും ആസ്വാദകഹൃദയങ്ങളിൽ പകരുന്നത്‌ കാലാതിവർത്തിയായ കാവ്യമധുരം.

ഇടപ്പള്ളി രാഘവൻ പിള്ളയുടെ 117ാം ജന്മവാർഷികം ഇ‍ൗ മാസം 30നാണ്‌. അടുത്തമാസം അഞ്ചിനാണ്‌ തൊണ്ണൂറാം ചരമവാർഷികം. കുറഞ്ഞ ജീവിതകാലത്തിനിടെ കാൽപ്പനികതയുടെ കവിതാവസന്തം തീർത്ത രാഘവൻപിള്ള 27ാം വയസിലാണ്‌ സ്വയം ജീവിതമവസാനിപ്പിച്ചത്‌. വിഷാദവും നൈരാശ്യവും മരണാസക്തിയുമൊക്കെ നിഴലിച്ച അദ്ദേഹത്തിന്റെ രചനകളിൽ അവസാനത്തേതായിരുന്നു ‘മണിമുഴക്കം, മരണദിനത്തിന്റെ മണിമുഴക്കം, മധുരം വരുന്നു ഞാൻ’ എന്നാരംഭിക്കുന്ന മണിനാദം എന്ന 100 വരി കവിത. മരണത്തിന്റെ പിറ്റേന്നിറങ്ങിയ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ കവിത പ്രസിദ്ധീകൃതമായിരുന്നു.


‘എനിക്ക് പാട്ടുപാടുവാൻ ആഗ്രഹമുണ്ട്; എന്റെ മുരളി തകർന്നുപോയി’ എന്നായിരുന്നു ഇടപ്പള്ളിയുടെ ആത്മഹത്യ കുറിപ്പിലെ അവസാന വാചകം. ആ വിയോഗത്തിൽ മനംനൊന്ത്‌ ചങ്ങന്പുഴ ‘തകർന്ന മുരളി’ എന്നപേരിൽ കവിതയെഴുതിയിരുന്നു. സ്‌കൂൾ പഠനകാലം മുതൽ ഇരുവരും ചങ്ങാതിമാരായിരുന്നു. എന്നാൽ അതേവർഷം ഒക്‌ടോബറിൽ പുറത്തുവന്ന ‘രമണൻ’ ആണ്‌ സുഹൃദ്‌സ്‌മരണയ്‌ക്കുള്ള യഥാർഥ കാവ്യാഞ്ജലിയായത്‌. ഇടപ്പള്ളിയുടെ കാവ്യലോകത്തെ എന്നപോലെ അദ്ദേഹത്തെ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്ന്‌ കരുതുന്ന പ്രണയ നൈരാശ്യത്തെക്കുറിച്ചും ചങ്ങന്പുഴയോളം അറിയാവുന്നവരില്ലായിരുന്നു. അതുതന്നെയാണ്‌ രമണനിൽ പ്രതിഫലിച്ചതും.


ലളിത സുന്ദരപദാവലികളിലെഴുതിയ വികാരസാന്ദ്രമായ കവിത, മലയാള കാവ്യകലയെയും ആസ്വാദനാഭിരുചിയെയും നിർണായകമായി സ്വാധീനിച്ചു എന്നത്‌ പിൽക്കാല ചരിത്രം.

1936ലെ ഓണക്കാലത്താണ്‌ വൈലോപ്പിള്ളിയുടെ മാന്പഴം വായനക്കാരിലേക്കെത്തിയത്‌. വീട്ടുമുറ്റത്തെ മാവിൽനിന്ന്‌ പൊഴിഞ്ഞ മാന്പഴം കാണുന്ന ഒരമ്മയുടെ ചുടുകണ്ണീരോർമയാണ്‌ 24 വരി കവിത. അകാലത്തിൽ പൊലിഞ്ഞ മകനെക്കുറിച്ചുള്ള ഓർമകളിലൂടെ മലയാളത്തിന്‌ കൈവന്നത്‌ എക്കാലത്തെയും മികച്ച വിലാപകാവ്യം.


മൂന്ന്‌ കാവ്യങ്ങളുടെയും നവതിയോടനുബന്ധിച്ച്‌ ജില്ലാ ലൈബ്രറി ക‍ൗൺസിൽ കാവ്യോത്സവം എന്നപേരിൽ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നുണ്ട്‌. സെപ്‌തംബർ 18, 19, 20 തീയതികളിൽ ഇടപ്പള്ളി ചങ്ങന്പുഴ സ്‌മാരക ഗ്രന്ഥശാലയിലാണ്‌ പരിപാടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home