വവ്വാൽശല്യം രൂക്ഷം, ഭീതിയും

വെള്ളറട
വെള്ളറട സ്കൂൾനട ജങ്ഷനിലും സമീപത്തെ ജനവാസ മേഖലകളിലും പകൽനേരത്തും വവ്വാൽശല്യം രൂക്ഷം. പ്രദേശത്താകെ വവ്വാൽക്കൂട്ടം താവളമുറപ്പിച്ചിരിക്കുകയാണ്. വെള്ളറട വിപിഎം എച്ച്എസ്എസ്, ഗവ. യുപിഎസ് എന്നീ വിദ്യാലയങ്ങൾക്ക് മധ്യേയുള്ള പുരയിടത്തിലെ അക്കേഷ്യാ മരങ്ങളിലാണ് വവ്വാലുകൾ ചേക്കേറിയിട്ടുള്ളത്. ശബ്‌ദ മലിനീകരണത്തിനൊപ്പം വലിയ ആരോഗ്യ പ്രശ്‌നങ്ങൾ വരുത്തിവയ്‌ക്കാനും വവ്വാലുകൾ കാരണമാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. വവ്വാലുകളുടെ വിസർജ്യം വീണ് കുടിവെള്ള സ്രോതസ്സുകൾ പൂർണമായി മലിനമായി. കല്ലെറിഞ്ഞോ പടക്കം പൊട്ടിച്ചോ താൽക്കാലികമായി ഇവയെ ഓടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവ വീണ്ടും മരങ്ങളിൽ തിരിച്ചെത്തുകയാണ്. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇതുവഴി പോകുന്നത്. നിപാ ഉൾപ്പെടെയുള്ള മാരകമായ പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ വവ്വാലുകളുടെ സാന്നിധ്യം രക്ഷിതാക്കളിലും നാട്ടുകാരിലും കടുത്ത ആശങ്കയാണ് പരത്തുന്നത്. വവ്വാലുകൾ താവളമാക്കിയ മരച്ചില്ലകൾ വെട്ടിമാറ്റാൻ പുരയിട ഉടമയോട് നാട്ടുകാർ അഭ്യർഥിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല.










0 comments