നാടിന് സ്വപ്നസാക്ഷാൽക്കാരം
നാറാണത്തുപറമ്പിലേക്ക് ഇനി ലോറിയുമെത്തും

ഏലൂർ നാറാണത്തുപറമ്പിലേക്കുള്ള നവീകരിച്ച റോഡ് നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
മുൻ എൽഡിഎഫ് സർക്കാരും ഏലൂർ നഗരസഭയും മുൻകൈയെടുത്ത് 30–ാംവാർഡിലെ നാറാണത്തുപറമ്പ് നിവാസികൾക്കായി ഒരുക്കിയ റോഡ് തുറന്നുനൽകി. ഏറെനാളത്തെ സ്വപ്നമായ, വീതികൂട്ടി നവീകരിച്ച റോഡ് നഗരസഭ ചെയർപേഴ്സൻ ലൈജി സജീവൻ ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി പി രാജീവ് മുഖ്യാതിഥിയായി.
പട്ടികവിഭാഗത്തിൽപ്പെട്ട എട്ട് കുടുംബങ്ങൾ ഉൾപ്പെടെ പ്രദേശത്ത് താമസിക്കുന്ന ഒമ്പത് കുടുംബങ്ങൾക്കായി രണ്ടുമീറ്ററിൽ താഴെ വീതിയുള്ള റോഡാണ് ഉണ്ടായിരുന്നത്. കിടപ്പുരോഗികളടക്കം ഇവിടെയുള്ളതിനാൽ ഒരു ആംബുലൻസെങ്കിലും വരാവുന്ന റോഡ് വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ, ഓട്ടോറിക്ഷപോലും വരാൻ മടിക്കുന്ന പ്രദേശമായിരുന്നു ഇത്. 200 മീറ്ററോളം നീളമുള്ള റോഡിന്റെ 122 മീറ്റർ ഭാഗം ഏലൂർ ഗവ. എൽപി സ്കൂൾ വളപ്പാണ്. അതിനാൽ റോഡ് നവീകരണം വഴിമുട്ടിയ സ്ഥിതിയിലായിരുന്നു.
2024ൽ ഏലൂർ ഗവ. എൽപി സ്കൂൾ കെട്ടിട ഉദ്ഘാടനത്തിനെത്തിയ മന്ത്രി പി രാജീവിന് നാട്ടുകാർ നിവേദനം നൽകിയിരുന്നു. അന്ന് പി രാജീവ് നൽകിയ ഉറപ്പാണ് റോഡ് നിർമാണത്തിന്റെ കുരുക്ക് അഴിക്കാൻ ഇടയായത്. പി രാജീവ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിൽ സ്കൂളിന്റെ സ്ഥലം ഒരുമീറ്റർ വീതിയിൽ, 122 മീറ്റർ നീളത്തിൽ റോഡിനായി നഗരസഭയ്ക്ക് നൽകാൻ 2025 മേയിൽ ഉത്തരവിറക്കി. അതനുസരിച്ച് നടന്ന നിർമാണപ്രവർത്തനത്തിന്റെ ഫലമായാണ് കോൺക്രീറ്റ് റോഡ് യാഥാർഥ്യമായത്.
സ്ഥിരംസമിതി അധ്യക്ഷരായ നിസി സാബു, ആരതി ഷെബിൻ, സബീന നിഷാദ്, എ ഡി സുജിൽ, ജയശ്രീ സതീഷ്, സ്കൂൾ ഹെഡ്മാസ്റ്റർ സിബി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.











0 comments