ad
Deshabhimani

എൻഎഡി ഭൂമി ഏറ്റെടുക്കാൻ 32.26 കോടി അനുവദിച്ചു

nad land
വെബ് ഡെസ്ക്

Published on May 16, 2025, 03:53 AM | 1 min read


കൊച്ചി

സീപോർട്ട്–-എയർപോർട്ട് റോഡ് വികസനത്തിനായി എൻഎഡിയിൽനിന്ന് വിട്ടുകിട്ടേണ്ട 2.4967 ഹെക്ടർ ഭൂമിയുടെ വിലയുൾപ്പെടെ 32.26 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സ്ഥലവിലയായി കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടിയ്‌ക്കുപുറമെ എൻഎഡി തൊരപ്പ് റോഡ് വീതികൂട്ടി നിർമിക്കുന്നതിന് 8.16 കോടിയും ചുറ്റുമതിൽ നിർമാണത്തിന് 99.43 ലക്ഷം രൂപയും സംസ്ഥാന സർക്കാർ അനുവദിച്ചു. റോഡ് നിർമാണത്തിന് ഭൂമി വിട്ടുനൽകുന്ന ധാരണപത്രം വ്യവസായമന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ജനുവരിയിൽ ഒപ്പുവച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് തുക അനുവദിച്ചത്. സീപോർട്ട്–എയർപോർട്ട് റോഡ് നിർമാണച്ചുമതലയുള്ള റോഡ്സ് ആൻഡ്‌ ബ്രിഡ്ജസ് കോർപറേഷന് തുക കൈമാറും.


ഇരുപതുവർഷത്തിലേറെയായി റോഡ് വികസനത്തിലെ പ്രധാന കടമ്പയായിരുന്നു എൻഎഡി ഭൂമിപ്രശ്നം. ഭൂമി വില കൈമാറി ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എച്ച്എംടിയുടെ ഭൂമിവില ബാങ്കിൽ കെട്ടിവയ്‌ക്കുന്നതിനുള്ള നടപടികളും അവസാനഘട്ടത്തിലാണ്. സംസ്ഥാന സർക്കാർ നടത്തിയ നിരന്തര സമ്മർദത്തിനൊടുവിലാണ് ഭൂമി അനുവദിക്കപ്പെട്ടത്. ഭൂമി ലഭ്യമാക്കിയതിന് പകരമായി എൻഎഡിയുമായുള്ള ധാരണപ്രകാരം എച്ച്എംടി–എൻഎഡി റോഡ് 5.5 മീറ്റർ വീതിയിൽ പുനർനിർമിക്കും.


തുടർനടപടി വേഗത്തിലാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. എച്ച്എംടി–-എൻഎഡി തൊരപ്പ് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വൈദ്യുതിത്തൂണുകൾ, ട്രാൻസ്ഫോർമറുകൾ, ടെലിഫോൺ പോസ്റ്റുകൾ തുടങ്ങിയവ മാറ്റിസ്ഥാപിക്കും. പുതിയ ട്രാഫിക് സിഗ്നൽ പോയിന്റുകളും വരും. ജില്ലയിലെ ഫ്ലാഗ്‌ഷിപ് പദ്ധതിയായി കണക്കാക്കി റോഡ് നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home