ad
Deshabhimani

മുസിരിസ് പൈതൃകപദ്ധതി

"മുസിരിസ് 1000 എക്സ്പീരിയൻസ്'
പദ്ധതി തുടങ്ങുന്നു

muziris
വെബ് ഡെസ്ക്

Published on Jul 28, 2025, 12:48 AM | 1 min read

പറവൂർ

മുസിരിസ് പൈതൃകപദ്ധതിക്കുകീഴിൽ "മുസിരിസ് 1000 എക്സ്പീരിയൻസ്' പദ്ധതിക്ക് തുടക്കമാകുന്നു. മുസിരിസ് പ്രദേശത്തെ ജനവിഭാഗത്തിന് ടൂറിസത്തിലൂടെ വരുമാനം എന്നതാണ് ലക്ഷ്യം.


മുസിരിസ് പൈതൃകപ്രദേശത്തിന്റെ തനതുജീവിതവും ഭക്ഷണവും കൈത്തൊഴിലുകളും കാലാവസ്ഥയും പ്രകൃതിയും സഞ്ചാരികൾക്ക് അനുഭവിച്ചറിയാൻ പദ്ധതി പ്രയോജനമാകും. പദ്ധതിപ്രദേശത്തുള്ള 12 പഞ്ചായത്തുകളിലെയും രണ്ടു നഗരസഭകളിലെയും വിവിധ ജനവിഭാഗങ്ങൾക്ക് പ്രൊഫഷണൽ പരിശീലനം നൽകും.

പാരമ്പര്യ തൊഴിലാളികളായ നെയ്ത്തുകാർ, മൺപാത്ര–-ആഭരണ നിർമാണ തൊഴിലാളികൾ, കൊല്ലപ്പണിക്കാർ, പപ്പടനിർമാണക്കാർ, തെങ്ങുകയറ്റ തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ, മീൻപിടിത്തക്കാർ, മരപ്പണിക്കാർ എന്നിവരെ പദ്ധതിയുടെ ഭാഗമാക്കും.



തനത് ഭക്ഷണവിഭവങ്ങൾ ഒരുക്കുന്നവർ, സഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കാൻ താൽപ്പര്യമുള്ളവർ, പ്രാദേശിക കലാകാരന്മാർ, വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർ, കരകൗശലനിർമാണത്തിലും അനുബന്ധപ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുള്ളവർ, പ്രാദേശികചരിത്രം വിനോദസഞ്ചാരികൾക്ക് പകർന്നുനൽകുന്നവർ എന്നിവർ പങ്കാളികളാകും. സാഹസിക ടൂറിസത്തിന് അനുയോജ്യമായ കയാക്കിങ്, ചെറുവള്ളങ്ങൾ, ബോട്ടുകൾ, ചെമ്മീൻകെട്ടുകൾ, പൊക്കാളിപ്പാടങ്ങൾ, നെൽവയലുകൾ, ഫാം ടൂറിസം എന്നിവയും പദ്ധതിയുടെ ഭാഗമാക്കും. ആയുർവേദം, യോഗ, സർക്കാർ അംഗീകൃത സുഖചികിത്സാ സ്ഥാപനങ്ങൾ, ആയോധനകലകൾ എന്നിവ പദ്ധതിക്ക് മാറ്റുകൂട്ടുമെന്ന് മുസിരിസ് പൈതൃകപദ്ധതി മാനേജിങ് ഡയറക്ടർ ഷാരോൺ വീട്ടിൽ പറഞ്ഞു.



മേൽപ്പറഞ്ഞ മേഖലയിലുള്ളവർ, ടൂറിസം മേഖലയിലേക്ക് കടന്നുവരാൻ താൽപ്പര്യമുള്ളവർ എന്നിവരെ പ്രൊഫഷണൽ പരിശീലനത്തിലൂടെ മുസിരിസ് എക്സ്പീരിയൻസ് സർട്ടിഫൈഡ് പാർട്ണറാക്കി മാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം. സംരംഭകരുടെ വിവരങ്ങൾ ഗൂഗിൾഫോമിലൂടെ ആഗസ്ത് അഞ്ചുവരെ സ്വീകരിക്കും. ഫോൺ: 90372 52480, ഇ മെയിൽ: [email protected]



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home