മുസിരിസ് കോറിഡോർ യാഥാർഥ്യമാക്കണം: മന്ത്രിക്ക് നിവേദനം നൽകി

മുസിരിസ് കോറിഡോർ യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എം ബി രാജേഷിന് ജില്ലാപഞ്ചായത്ത് അംഗം എ എസ് അനിൽകുമാർ, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ എന്നിവർ നിവേദനം നൽകുന്നു
പറവൂർ
മുസിരിസ് കോറിഡോർ യാഥ്യാർഥ്യമാക്കണമെന്നാവാശ്യപ്പെട്ട് ജില്ലാപഞ്ചായത്ത് അംഗം എ എസ് അനിൽകുമാർ, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ എന്നിവർ മന്ത്രി എം ബി രാജേഷിന് നിവേദനം നൽകി.
നിലവിൽ മുനമ്പം കവലയിൽനിന്ന് പടിഞ്ഞാറോട്ടുള്ള റോഡ് കുഞ്ഞിത്തൈയിലും ഒരു റോഡ് നീണ്ടൂരിലും അവസാനിക്കുകയാണ്. കുഞ്ഞിത്തൈയിൽ റോഡ് അവസാനിക്കുന്നിടത്ത് പാലം നിർമിച്ച് പള്ളിപ്പുറം പഞ്ചായത്തിലെ കോൺവന്റ് റോഡുമായി ബന്ധിപ്പിച്ചാൽ മുനമ്പം–വൈപ്പിൻ സംസ്ഥാന പാതയിലെത്താം.
നീണ്ടൂരിൽ അവസാനിക്കുന്ന റോഡിന് പാലം നിർമിച്ച് 100 മീറ്റർ റോഡ് നിർമിച്ചാൽ കൂട്ടുകാട്–പറവൂർ റോഡുമായി ബന്ധിപ്പിക്കാം. റോഡ് യാഥാർഥ്യമാക്കുകയാണെങ്കിൽ മുനമ്പം, പള്ളിപ്പുറം ഭാഗത്തുനിന്നുള്ളവർക്ക് ദേശീയപാത 66 ലേക്കും അവിടെനിന്ന് ചേന്ദമംഗലം, പുത്തൻവേലിക്കര, മാള വഴി ദേശീയപാത 544ലും എത്തിച്ചേരാനാകുമെന്ന് നിവേദനത്തിൽ വ്യക്തമാക്കി.
മുസിരിസ് ടൂറിസം കേന്ദ്രങ്ങളായ പള്ളിപ്പുറം മഞ്ഞുമാതാ പള്ളി, സഹോദരൻ അയ്യപ്പൻ സ്മാരകം, പട്ടണം മുസിരിസ് കേന്ദ്രം, ഗോതുരുത്ത്, കോട്ടയ്ക്കാവ് പള്ളി, ജൂത സിനഗോഗ്, പാലിയം കൊട്ടാരം, കോട്ടയിൽ കോവിലകം പ്രദേശങ്ങളും മുനമ്പം ബീച്ച് , മുനമ്പം പുലിമുട്ട്, അഴിക്കോട് ബീച്ച്, ചെറായി ബീച്ച് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താം. ഗോശ്രീ പാലംവഴി സഞ്ചരിച്ചാൽ വാട്ടർ മെട്രോ ഉപയോഗപ്പെടുത്തി ഫോർട്ട് കൊച്ചിയിലെ ടൂറിസം കേന്ദ്രങ്ങളിലും എത്താനാകും.
ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, പള്ളിപ്പുറം പഞ്ചായത്തുകളുടെ വികസനത്തിനും ഈ പ്രദേശത്തെ വിനോദസഞ്ചാര സാധ്യത വർധിപ്പിക്കാനും സാധിക്കുമെന്നും നിവേദനത്തിൽ വ്യക്തമാക്കി.










0 comments