ad
Deshabhimani

എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു

മൂവാറ്റുപുഴ നഗരത്തിൽ തെരുവുവിളക്കുകൾ തെളിയുന്നില്ല

muvattupuzha

തെരുവുവിളക്കുകൾ തെളിക്കാത്തതിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ നഗരസഭ ഓഫീസിന് മുന്നിൽ എൽഡിഎഫ് 
കൗൺസിലർമാർ നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Jun 05, 2026, 01:42 AM | 1 min read

മൂവാറ്റുപുഴ


മൂവാറ്റുപുഴ നഗരസഭാ പ്രദേശത്ത് തെരുവുവിളക്കുകൾ തെളിയുന്നില്ല. നഗരസഭയ്ക്കുമുന്നിൽ എൽഡിഎഫ് കൗൺസിലർമാർ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു. യുഡിഎഫ് ഭരണസമിതി അധികാരമേറ്റശേഷം പ്രധാന റോഡുകളിലും ഇടറോഡുകളിലും തെരുവുവിളക്കുകൾ തെളിക്കാൻ നടപടിയുണ്ടായില്ല. കരാറുകാരന് കഴിഞ്ഞ ഒന്നരവർഷമായി നഗരസഭ പണം നൽകാത്തതാണ് കാരണമെന്ന് അറിയുന്നു.


രാത്രിയിൽ കാൽനടക്കാരും ഇരുചക്രവാഹനയാത്രക്കാരും ബുദ്ധിമുട്ടുന്നു. മഴക്കാലമായതിനാൽ മോഷണം വർധിക്കാനും സാധ്യതയുണ്ട്. പാതയോരങ്ങളിൽ മഴക്കാലപൂർവ ശുചീകരണവും നടത്താത്തസ്ഥിതിയുണ്ട്. ആറുമാസമായി ഫ്യൂച്ചർ മൂവാറ്റുപുഴ എന്ന പേരിൽ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ചിത്രമെടുത്ത് പ്രചാരണം മാത്രമാണ് നടത്തിയത്.


പൊതുജനങ്ങൾക്ക് ഉപകാരമുള്ള ഒരു പ്രവർത്തനങ്ങളും നടത്തിയില്ല. ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണിയുടെ ഏകാധിപത്യപ്രവർത്തനംമൂലം ഭരണസ്തംഭനത്തിലായ നഗരസഭയിൽ വികസനക്ഷേമപ്രവർത്തനങ്ങൾ അവതാളത്തിലായതായി എൽഡിഎഫ് ആരോപിച്ചു. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചു.


നഗരസഭ ഓഫീസിനുമുന്നിൽ മെഴുകുതിരി തെളിച്ച്‌ നടത്തിയ സമരം എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി എം എച്ച് മജീദ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ എം കിഷോർ അധ്യക്ഷനായി. കൗൺസിലർമാരായ റബിൻസ് ടി അലിയാർ, ടി എ സജി, രജനി സജീവ്, അമ്പിളി ബിജു, ജയ സുകു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home