മൂവാറ്റുപുഴയിൽ കാറ്റ് ഇടത്തേക്ക്

മൂവാറ്റുപുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ അരുണ്‍ ആയവന പഞ്ചായത്തിൽ വോട്ടുതേടുന്നു
ഷെഹിൻഷാ
Published on Mar 29, 2026, 01:18 AM | 1 min read
മൂവാറ്റുപുഴ
മണ്ഡലത്തിന്റെ വികസനം പ്രധാന പ്രചാരണ വിഷയമായ മൂവാറ്റുപുഴയിൽ ഇത്തവണ കാറ്റ് ഇടത്തേക്ക്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ എല്‍ഡിഎഫ് കരുത്തനായ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച് മണ്ഡലത്തില്‍ കളംപിടിച്ചു. നാട്ടുകാരനും സിപിഐ ജില്ലാ സെക്രട്ടറിയുമായ എന്‍ അരുണ്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2015 മുതല്‍ 2020 വരെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന അരുണിന്റെ അനുഭവക്കരുത്ത് എല്‍ഡിഎഫിന് മുതല്‍ക്കൂട്ടാകും. സിറ്റിങ് എംഎല്‍എ മാത്യു കുഴല്‍നാടനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനോ നടപ്പാക്കാനോ സിറ്റിങ് എംഎല്‍എക്ക് സാധിച്ചില്ലെന്ന പൊതുവികാരം മണ്ഡലത്തിലെങ്ങും പ്രകടം. കിഫ്ബിവഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചുമാറ്റിയാണ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കിഫ്ബിക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി നടത്തിയ പ്രസ്താവനകള്‍ മണ്ഡലത്തില്‍ ചര്‍ച്ചയാണ്. കുടിവെള്ള പദ്ധതികൾക്കുമാത്രമായി സർക്കാർ 29 കോടി രൂപയാണ് ചെലവഴിച്ചത്. ജില്ലയ്ക്ക് ഒരു സ്റ്റേഡിയം പദ്ധതിയിൽ മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിന് 41 കോടി രൂപയും അനുവദിച്ചു.
നിര്‍മാണം പുരോഗമിക്കുന്ന ചന്ദ്രശേഖരൻനായർ ഇൻഡോർ സ്‌റ്റേഡിയവും ഇതിന്റെ ഭാഗമാകും. റോഡ് നവീകരണം, സ്കൂളുകള്‍ക്ക് പുതിയകെട്ടിടം, സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന് പുതിയമന്ദിരം തുടങ്ങി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തിന് ആശ്വാസമായത്.
സംസ്ഥാന സർക്കാർ നിർദേശത്തോടെ കിഫ്ബി അനുവദിച്ച 45 കോടി രൂപയിൽ 34.2 കോടി ഉപയോഗിച്ച് നാലുവരിപ്പാതയായി റോഡ് നവീകരിച്ചു. പിഒ ജങ്‌ഷൻമുതൽ വെള്ളൂർക്കുന്നംവരെയുള്ള എംസി റോഡിന്റെ ഭാഗം കെആർഎഫ്ബിയാണ് നിർമിച്ചത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡ് നവീകരണമെന്ന ആവശ്യമാണ് സർക്കാർ നടപ്പാക്കിയത്. എംഎൽഎയും യുഡിഎഫ് നഗരസഭയും പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനക്കുതിപ്പില്‍ മൂവാറ്റുപുഴയും ഇത്തവണ മാറുമെന്നാണ് വോട്ടര്‍മാരുടെ പ്രതികരണം. എംഎല്‍എയുടെ നിഷ്‌ക്രിയത്വം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് യുഡിഎഫ് ക്യാന്പ്.
ട്വന്റി 20യുടെ സണ്ണി കടൂത്താഴെ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിപിഐ സ്ഥാനാര്‍ഥി ബാബു മാത്യുവും മത്സരരംഗത്തുണ്ട്.










0 comments