പ്രണയപ്പക: യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു

കൈക്ക് പരിക്കേറ്റ പ്രതി ഷിബിനെ ആശുപത്രിയിൽനിന്ന് കൊണ്ടുവരുന്നു
പറവൂർ
മുറവന്തുരുത്തിൽ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു. ആലുവ എടത്തല എൻഎഡി കവല പുറത്തുപാറ വീട്ടിൽ പി എസ് സുരമ്യയാണ് (24) കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വടക്കേക്കര മുറവന്തുരുത്ത് കോലഞ്ചേരി ഷിബിനെ (34) അറസ്‌റ്റ് ചെയ്തു. പ്രണയബന്ധത്തിൽനിന്ന് പിൻമാറിയതിലെ വൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴം രാവിലെ 11.30 ഓടെ മുറവന്തുരുത്തിലെ ഷിബിന്റെ വീട്ടിലാണു സംഭവം. അഞ്ച് വർഷത്തിലേറെയായി ഇരുവരും അടുപ്പത്തിലായിരുന്നു. നാല് മാസംമുന്പ് സുരമ്യ ബന്ധത്തിൽനിന്ന് പിന്മാറിയിരുന്നു. ഷിബിൻ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാമെന്ന് പറഞ്ഞാണ് വ്യാഴാഴ്‌ച സുരമ്യയെ വിളിച്ചുവരുത്തിയത്. സിഎ പഠനത്തിന്റെ ഭാഗമായി ആലുവ ബാങ്ക് കവലയിലെ സ്ഥാപനത്തിൽ ട്രെയ്നിയായിരുന്ന സുരമ്യ ജോലിക്കു പോകുകയാണെന്നു പറഞ്ഞാണ് രാവിലെ വീട്ടിൽ നിന്നിറങ്ങിയത്.
ബസിൽ പറവൂരിലെത്തിയ സുരമ്യയെ ഷിബിൻ ബൈക്കിൽ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന്, ഇരുവരും തർക്കമുണ്ടായതോടെ ഷിബിൻ കത്തിയെടുത്തു കുത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലുമാണു കുത്തേറ്റത്. പിടിവലിയിൽ ഷിബിന്റെ കൈകൾക്കും മുറിവേറ്റിട്ടുണ്ട്. ഈ സമയത്തു വീട്ടിൽ ഷിബിന്റെ അമ്മ ഉണ്ടായിരുന്നു. സംഭവശേഷം ഷിബിൻ ബൈക്കിൽ വടക്കേക്കര പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
പൊലീസും നാട്ടുകാരുംചേർന്ന് സുരമ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം വെള്ളിയാഴ്ച സംസ്‌കാരം നടക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എടത്തല പഞ്ചായത്ത് ഏഴാംവാർഡിൽ ട്വന്റി ട്വന്റി സ്‌ഥാനാർഥിയായി സുരമ്യ മത്സരിച്ചിരുന്നു. ശശികുമാറിന്റെയും സബിതയുടെയും മകളാണ്. സഹോദരൻ: സൂരജ്.










0 comments