ad
Deshabhimani

print edition അനാവശ്യ സ്ഥലംമാറ്റം അഴിമതിക്ക്‌ 
അവസരമൊരുക്കാൻ: പിണറായി വിജയൻ

pinarayi vijayan press meet 1.jpg
വെബ് ഡെസ്ക്

Published on Aug 14, 2026, 01:42 AM | 1 min read

തിരുവനന്തപുരം: ജീവനക്കാരെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നത്‌ അഴിമതിക്ക്‌ അവസരം ഒരുക്കുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. ജീവനക്കാരുടെ ജീവനെടുക്കുന്ന സ്ഥലംമാറ്റം അവസാനിപ്പിക്കണമെന്നും നിരപരാധികളുടെ മരണത്തിന് ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് എഫ്എസ്ഇടിഒ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ച് ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


തെരഞ്ഞെടുപ്പ് ഫലം വന്നയുടൻ ഒരു ഭരണാനുകൂല സംഘടന അവരുടെ ലെറ്റർഹെഡിൽ സ്ഥലംമാറ്റേണ്ട ആളുകളുടെ ലിസ്റ്റ് എഴുതിക്കൊടുക്കുകയാണ്. ഉദ്യോഗസ്ഥൻ അത് കാണിച്ച്‌ ഉത്തരവും ഇറക്കുന്നു. ഭരണാനുകൂല സംഘടനകൾക്ക് എന്തുംചെയ്യാം എന്നതാണ് നില. അങ്ങോട്ടുമിങ്ങോട്ടും സ്ഥലംമാറ്റുക, അതിനുവേണ്ടി ലേലംവിളിക്കുക, സ്ഥലംമാറ്റാതിരിക്കാൻ ഇടപെടുക എന്നതിലെല്ലാം അഴിമതിക്കഥകളാണ് പുറത്തുവരുന്നതെന്ന്‌ പിണറായി വിജയൻ പറഞ്ഞു.


സിവിൽ സർവീസ് മേഖല ഇത്രമാത്രം അസംതൃപ്തമായ സമയം ഉണ്ടായിട്ടില്ല. ഇതിനിടയാക്കുന്നത് മന്ത്രിമാരും മുഖ്യമന്ത്രിയും സ്വീകരിക്കുന്ന പ്രത്യേക മനോഭാവമാണ്. ‘ഇനിയും സ്ഥലംമാറ്റും, ഒരുങ്ങിയിരുന്നോളൂ’ എന്ന് പറയാൻ എങ്ങനെയാണ് മുഖ്യമന്ത്രിക്ക് കഴിയുന്നത്. കേരളത്തിൽ സംതൃപ്തമായ സിവിൽ സർവീസാണ് വേണ്ടത്. അതിനെ തകിടംമറിക്കുന്ന നടപടികളാണ് ഉണ്ടായിട്ടുള്ളത്.


കഴിഞ്ഞ പത്തു വർഷം കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സ്ഥലംമാറ്റങ്ങൾ. തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ കാര്യങ്ങൾ ചെയ്യുമെന്ന അധികാരത്തിന്റെ ഹുങ്കാണ് നിലവിലെ അവസ്ഥയ്ക്ക് ഇടയാക്കിയത്.


അന്യായമായ സ്ഥലംമാറ്റം ഏത് രീതിയിൽ ജീവനക്കാരെ ബാധിക്കുന്നു എന്നതിന്റെ തെളിവാണ് ഇതിനകം ഈ രംഗത്ത് സംഭവിച്ചിട്ടുള്ള മരണങ്ങൾ. അതിനിടയായ സാഹചര്യങ്ങൾ അന്വേഷിക്കുകയും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുകയും വേണം. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകണം. സങ്കുചിതമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചുകൊണ്ടല്ല പ്രവർത്തിക്കേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home