സിമിയെ കൊലപ്പെടുത്തിയത് തന്നെ; ഭർത്താവിന്റെ അറസ്റ്റ് ഉടൻ

കോതമംഗലം സിമി വധം: പൊലീസും വിരലടയാള വിദഗ്ധരും കൊലപാതകം നടന്ന വീട്ടിൽ തെളിവെടുപ്പ് നടത്തുന്നു
കോതമംഗലം
കുടുംബ കലഹത്തെ തുടർന്ന് വെറ്റിലപ്പാറ ചിറമേൽ സിമി ബിജുവിനെ(47) ഭർത്താവ് ബിജു ബോബൻ(49) വീട്ടിനുള്ളിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഫോറൻസിക് വിദഗ്‌ധരും വിരലടയാള വിദഗ്ധരും കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തി.
വ്യാഴം രാത്രി എട്ടിനാണ് സംഭവം. കഴുത്തിൽ ഗുരുതര വെട്ടേറ്റ സിമിയേയും മൽപ്പിടുത്തത്തിൽ കെെയിൽ പരിക്കേറ്റ ബിജുവിനെയും അയൽവാസികൾ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യാത്രാമധ്യേ സിമി മരിച്ചു. പരിക്കേറ്റ ബിജു പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ തുടരുകയാണ്.
കോതമംഗലം സിഐ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ ബന്ധുക്കളുടേയും അയൽവാസികളുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകമാണന്ന് സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥർ വീട്ടിലും പരിസര പ്രദേശങ്ങളിലും തെളിവുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനകൾ നടത്തി. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതി ബിജുവിനെ ചൊവ്വാഴ്ച ആശുപതിയിൽ നിന്ന് അറസ്റ്റ് ചെയ്യുമെന്നും കോതമംഗലം പൊലീസ് അറിയിച്ചു.
മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം സിമിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം ശനി പകൽ 11 ന് മാലിപ്പാറ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ നടക്കും. മക്കൾ : അതുല്യ ,അമിത, പരേതയായ അന്നമ്മ.










0 comments