ad
Deshabhimani

മുനമ്പം–അഴീക്കോട് പാലത്തിന്റെ 
ഗർഡർ ഉയർന്നു ; നിർമാണം അതിവേഗത്തിൽ

munambam azheekkode bridge
വെബ് ഡെസ്ക്

Published on Jul 15, 2025, 04:00 AM | 1 min read


കൊടുങ്ങല്ലൂർ

നിർമാണത്തിലുള്ള -മുനമ്പം–അഴീക്കോട്- പാലത്തിന്റെ സെഗ്‌മെന്റ് ബോക്‌സ് ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങി. 216 ഗർഡറുകളാണ് പാലം നിർമാത്തിന് ആവശ്യമുള്ളത്. ഇതിൽ നിർമാണം പൂർത്തിയായ 40 ഗർഡറുകളാണ് അഴീക്കോട്‌ ഭാഗത്ത്‌ സ്ഥാപിച്ച് തുടങ്ങിയത്. 110 ടണ്ണിലേറെ ഭാരമുള്ള ഗർഡറുകൾ ട്രയ്‌ലറിലാണ് പാലം നിർമാണ സ്ഥലത്തേക്ക് എത്തിക്കുന്നത്.


സംസ്ഥാനത്ത് ആദ്യമായാണ് പാലം നിർമാണത്തിന് സെഗ്‌മെന്റൽ ബോക്‌സ് ഗർഡർ ലോഞ്ചിങ് ഉപയോഗിക്കുന്നത്. ഇതുമൂലം നിർമാണം വേഗത്തിലാക്കാനും മാലിന്യം കായലിൽ വീഴുന്നത് തടയാനും കഴിയും. കൂടാതെ മത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരം തടസ്സപ്പെടില്ല. 2023 നവംബർ 13 നാണ് കിഫ്ബിയിൽ നിന്ന് 164 കോടി ചെലവിട്ട് പാലം നിർമാണം ആരംഭിച്ചത്. അനുബന്ധ റോഡുകൾക്ക് ഭൂമി ഏറ്റെടുക്കാൻ 14.50 കോടി രൂപ സർക്കാർ നൽകി.


എറണാകുളം ജില്ലയിലെ മുനമ്പത്തേയും തൃശൂർ ജില്ലയിലെ അഴീക്കോടിനേയും ബന്ധിപ്പിക്കുന്ന പാലം പെരിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴയ്‌ക്ക് കുറുകെയാണ്. 1123 മീറ്റർ നീളവും 15.70 മീറ്റർ വീതിയും 12.5 മീറ്റർ ഉയരവുമാണുള്ളത്. ഇരുവശവും 1.50 മീറ്റർ വീതിയിൽ നടപ്പാതയും 1.80 മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്കും ഒരുക്കും. പാലം നിർമാണത്തിന് ആവശ്യമായ 205 പൈലുകളിൽ 195 എണ്ണത്തിന്റെയും നിർമാണം പൂർത്തിയായി. 2025 ഡിസംബറിൽ പൂർത്തിയാക്കാൻ കഴിയുംവിധമാണ് പാലം നിർമാണം അതിവേഗം പുരോഗമിക്കുന്നത്.


ഗർഡർ ഉയർത്തുന്ന ചടങ്ങിൽ ഇ ടി ടൈസൺ എംഎൽഎ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി രാജൻ, കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർ ഷിബു കൃഷ്ണരാജ്, അസി. എക്സിക്യൂട്ടീവ് എൻജിനിയർ സജിത്ത്, ചെറിയാൻ വർക്കി കൺസ്‌ട്രക്‌ഷൻ കമ്പനി ചെയർമാൻ ചെറിയാൻ വർക്കി, മാനേജിങ്‌ ഡയറക്ടർമാരായ സജി ചെറിയാൻ, ചെറിയാൻ മാത്യു, ഐസിയുഡി ഡയറക്ടർ മുകുന്ദൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home