ad
Deshabhimani

എവിടെ, ഇൻഡോർ മോഡലും ബ്ലൂപ്രിന്റും? മാലിന്യകൂമ്പാരമായി തലസ്ഥാന ന​ഗരി

Thiruvananthapuram waste

ഹരിതകർമസേന ശേഖരിച്ച മാലിന്യം മങ്കാട്ടുകടവ് പാലത്തിനുസമീപം കൂട്ടിയിട്ടിരിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Jul 09, 2026, 08:33 AM | 1 min read

തിരുവനന്തപുരം: ഇൻഡോർ മോഡൽ, ബ്ലൂപ്രിന്റ്... ദിവസേന മേയർ ആവർത്തിക്കുന്ന വാക്കുകൾ. എവിടെ എന്ന്‌ ചോദിച്ചാൽ, മാസങ്ങളായി ഒരേ മറുപടി– ‘സമയമുണ്ട്‌’. തിരുവനന്തപുരം നഗരത്തിൽ കുമിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്യാനോ കുടിവെള്ളക്ഷാമം പരിഹരിക്കാനോ പെറ്റുപെരുകുന്ന തെരുവുനായകളെ നിയന്ത്രിക്കാനോ ലഭിക്കാത്ത സമയം ഇനിയെവിടെ കിട്ടുമെന്ന്‌ നഗരവാസികളും.


ഭരണസമിതിയുടെ കെടുകാര്യസ്ഥതതയിൽ ശുചീകരണം പാളിയതോടെ നഗരം പകർച്ചവ്യാധികളുടെ പിടിയിലായി. ആറ്റുകാൽ പൊങ്കാലമുതൽ തുടങ്ങിയതാണ്‌ മാലിന്യനീക്കത്തിലെ വീഴ്‌ച. മഴക്കാലപൂർവ ശുചീകരണവും താറുമാറായി. മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച 563 എയ്റോബിക് ബിന്നിൽ പകുതിയും തകർന്നു. ശേഷിക്കുന്നവ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി. 10 ബയോഗ്യാസ് പ്ലാന്റിൽ പ്രവർത്തിക്കുന്നത് രണ്ടെണ്ണം മാത്രം. നഗരത്തിന്റെ വിവിധ ഭാഗങ്ങൾ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരങ്ങളായി.


ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേരും ഇൻഫ്ലുവൻസ, അമീബിക് മസ്തിഷ്കജ്വരം എന്നിവ ബാധിച്ച് ഒരാൾവീതവും നഗരത്തിൽ മരിച്ചു. ഗുരുതര സാഹചര്യം ചോദ്യം ചെയ്യുന്നവരെ മേയർ വി വി രാജേഷ് പരിഹസിക്കുന്നു. അറവുശാല നിർമാണം പൂർത്തിയായിട്ടും പ്രവർത്തനം തുടങ്ങിയില്ല. ഉപദേശക വലയത്തിലുള്ള മേയർ പലപ്പോഴും നൽകുന്നത്‌ പരസ്‌പരവിരുദ്ധ മറുപടികൾ. ഭരണപരാജയം മറച്ചുവയ്ക്കാൻ റീൽസുകളെ ആശ്രയിക്കുന്ന ഭരണസമിതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.


വിചിത്രവാദവുമായി മേയർ


തലസ്ഥാന നഗരത്തിലെ മാലിന്യസംസ്‌കരണം നടത്തുന്നതിൽ പരാജയപ്പെട്ട മേയർ വി വി രാജേഷ്‌ കഴിവുകേട്‌ മറയ്‌ക്കാൻ വിചിത്രവാദങ്ങളുമായി രംഗത്ത്‌. സിപിഐ എം നേതാക്കളും അനുയായികളുമാണ്‌ മാലിന്യം തള്ളുന്നവർ എന്നാണ്‌ മേയറുടെ കണ്ടെത്തൽ. ബുധനാഴ്‌ച വാർത്താസമ്മേളനത്തിലാണ്‌ മേയർ ഭരണസമിതിയുടെ വീഴ്‌ച മറയ്‌ക്കാൻ നുണകൾ പ്രചരിപ്പിച്ചത്‌.


തങ്ങളുടെ ഭരണസമിതിക്ക്‌ ലഭിക്കുന്ന സ്വീകാര്യത തകർക്കാൻ സിപിഐ എം പ്രവർത്തകരെ ഇറക്കിവിട്ട്‌ മാലിന്യം തള്ളുകയാണത്രേ. ‘തെളിവുണ്ടോ’ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ ‘നിങ്ങൾ അന്വേഷിച്ച്‌ കണ്ടുപിടിക്ക്‌’– എന്നായി മറുപടി.

മാലിന്യസംസ്‌കരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും തെരുവുനായ്‌ക്കളെ പിടികൂടിത്തുടങ്ങിയെന്നും മേയർ പ്രതികരിച്ചു.


സ്വന്തമായി മാലിന്യസംസ്‌കരണ പ്ലാന്റ്‌ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭരണസ്‌തംഭനവും കഴിവില്ലായ്‌മയും മറച്ചുവയ്‌ക്കാനാണ്‌ മേയർ ഇത്തരം ആരോപണങ്ങൾ നടത്തുന്നതെന്ന്‌ എൽഡിഎ-ഫ്‌ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home