ട്രെയിന്‍ എസി കോച്ച് 'ഹണിമൂൺ സ്യൂട്ടാക്കി' ; ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്ത് റെയിൽവേ

ഔറംഗബാദ്: ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കാബിൻ 'ഹണിമൂൺ സ്യൂട്ട്' രൂപത്തിലാക്കിയ സംഭവത്തിൽ കർശന നടപടി സ്വീകരിച്ച് ഇന്ത്യൻ റെയിൽവേ. ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടറെ റെയിൽവേ സസ്‌പെൻഡ് ചെയ്തു.
കോച്ച് അലങ്കരിച്ച ഡെക്കറേറ്റർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. റെയിൽവേ ചട്ടങ്ങൾ ലംഘിച്ച് കോച്ചിനുള്ളിൽ അതിരുകടന്ന അലങ്കാരങ്ങൾ നടത്താൻ അനുവാദം നൽകിയതിനാണ് നടപടി. റെയിൽവേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അനുമതിയില്ലാതെ റെയിൽവേ കോച്ചിനുള്ളിൽ കയറി ഇത്തരം പ്രവൃത്തികൾ ചെയ്തത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് റെയിൽവേ വ്യക്തമാക്കി.
നാന്ദേഡ്ഗ്രാം എക്‌സ്പ്രസിലെ ഫസ്റ്റ് എസി കാബിനിൽ നവദമ്പതികൾക്കായി 'റാഹത്ത് റൂം ഡെക്കറേഷൻ' എന്ന സ്വകാര്യ ഏജൻസിയാണ് അലങ്കാരപ്പണി ചെയ്തത്. ദമ്പതികൾ ഔറംഗബാദിൽ നിന്ന് ജൽന റെയിൽവേ സ്റ്റേഷനിലേക്ക് കാറിൽ യാത്ര ചെയ്യവേ ഡെക്കറേഷൻ സംഘം മുൻകൂട്ടി ട്രെയിൻ കോച്ചിനുള്ളിൽ കയറി അലങ്കാരപ്പണികൾ പൂർത്തിയാക്കുകയായിരുന്നു.









0 comments