ad
Deshabhimani

എവറസ്റ്റിന്റെ മടിത്തട്ടിലെത്തി നസീമ; നേട്ടം 67–ാം വയസ്സില്‍

Naseema Kunjumon Conquers Everest Base Camp

എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിൽ നസീമ കുഞ്ഞുമോൻ

avatar
സ്വന്തം ലേഖകന്‍

Published on Jul 09, 2026, 08:39 AM | 1 min read

കൊച്ചി: ലോകത്തെ ഏറ്റവും ഉയര്‍‍ന്ന മൗണ്ടന്‍ ബേസ് ക്യാമ്പിലേക്ക് യാത്രചെയ്ത് ഒരു പൊതുപ്രവര്‍ത്തക. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ജനപ്രതിനിധിയായിരുന്ന നസീമ കുഞ്ഞുമോനാണ്‌ (67) എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് കീഴടക്കിയത്.


മേയിലായിരുന്നു യാത്രയുടെ ആരംഭം. ശാരീരികക്ഷമതാ പരിശീലനങ്ങൾക്കും പരിശോധനയ്ക്കും ശേഷം ബംഗളൂരുവില്‍നിന്ന് വിമാനത്തില്‍ കാഠ്മണ്ഡുവിലേക്ക്‌, ബസ്‌മാർഗം കൽക്കയിലും കുഞ്ഞൻ വിമാനത്തിൽ ലുക്ലയിലുമെത്തി. അവിടെനിന്ന്‌ എവറസ്റ്റിലേക്ക് ട്രെക്കിങ് തുടങ്ങി. ഗൈഡിന്റെ സഹായത്തിൽ ഓരോ ദിവസവും 10 കിലോമീറ്റർ താണ്ടി. നാംചേ ബസാർ, ഹെൻങ്കോച്ചി, പൻങ്കോച്ചി, ഹിലരി പാലം, ലംബോച്ചി എന്നിവ ഇടത്താവളമാക്കി, 65 കിലോമീറ്റര്‍ പിന്നിട്ട യാത്ര പത്താംദിവസം ബേസ് ക്യാമ്പിലെത്തി.


യാത്രയുടെ തുടക്കത്തില്‍ മൈനസ് മൂന്ന്‌ ഡിഗ്രി ആയിരുന്ന തണുപ്പ് ബേസ് ക്യാമ്പിലെത്തിയപ്പോള്‍ മൈനസ് 20 ആയെന്നും പ്രതികൂല കാലാവസ്ഥയിൽ ശരീരം വീണ്ടുകീറിയും വേദനിച്ചുമാണ് ഏഴുവയസ്സുമുതൽ 67 വയസ്സുവരെയുള്ള സ്ത്രീകൾമാത്രം അടങ്ങിയ 20 അംഗസംഘം ബേസ് ക്യാമ്പിലെത്തിയതെന്നും നസീമ പറയുന്നു. മുകളിലെത്തി പതാക വീശിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നെന്നും നസീമ പറയുന്നു. യാത്രയ്ക്കുശേഷം കടുങ്ങല്ലൂരിലെ വീട്ടില്‍ വിശ്രമത്തിലാണിവർ.


2005–2010ല്‍ ആലങ്ങാട് ബ്ലോക്കിലെ എടയാര്‍ വാര്‍ഡിലും 2020–2025ല്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി മൂർക്കനാട് ഒന്നാംവാർഡിലും എല്‍ഡിഎഫ് ജനപ്രതിനിധിയായിരുന്ന നസീമ സിപിഐ എം അംഗമാണ്. ഭര്‍ത്താവ്: കരുവന്നൂർ ഉള്ളുവളപ്പിൽ കുഞ്ഞുമോന്‍.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home