യാഥാർഥ്യമാക്കിയത് ഒന്നരപ്പതിറ്റാണ്ടിന്റെ സ്വപ്‌നം

മുളന്തുരുത്തി മേൽപ്പാലം പണി പൂർത്തിയായപ്പോൾ
എൽദോ ജോൺ
Published on Feb 07, 2026, 02:15 AM | 1 min read
കൊച്ചി
എൽഡിഎഫ് സർക്കാരിന്റെ കരുത്തിൽ ഒന്നരപ്പതിറ്റാണ്ടത്തെ സ്വപ്‌നം സഫലമായ ആഹ്ലാദത്തിലാണ് പിറവം. വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ മുളന്തുരുത്തി റെയിൽവേ മേൽപ്പാലം പദ്ധതി 24.98 കോടി രൂപ മുടക്കിയാണ് സർക്കാർ യാഥാർഥ്യമാക്കിയത്. മുളന്തുരുത്തി, കുരീക്കാട് മേൽപ്പാലങ്ങളുടെ നിർമാണവും പുരോഗമിക്കുന്നു. സംസ്ഥാന ബജറ്റിൽ പിറവം മണ്ഡലത്തിൽ 29.25 കോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്.
മണ്ഡലം വികസനകാര്യത്തിൽ അനൂപ് ജേക്കബ് എംഎൽഎ കാര്യമായി ഇടപെട്ടില്ലെങ്കിലും എൽഡിഎഫ് സർക്കാർ അനുവദിച്ച വിവിധ പദ്ധതികൾ ലക്ഷ്യത്തിലേക്ക് എത്തുന്നതിന്റെ ആശ്വാസത്തിലാണ് നാട്. മൂന്നു ടേമായി തുടരുന്ന എംഎൽഎ, പ്രഖ്യാപനങ്ങൾ നടത്തി വഞ്ചിച്ച പദ്ധതികളും തുടങ്ങി പാതിവഴിയിൽ ഇട്ടിട്ടുപോയ പദ്ധതികളും മണ്ഡലത്തിലുണ്ട്.
പിറവം, കൂത്താട്ടുകുളം, തൃപ്പൂണിത്തുറ നഗരസഭകൾക്ക് അമൃത് കുടിവെള്ള പദ്ധതിയിൽ 22.12 കോടി അനുവദിച്ചു. ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയിൽ എട്ട് പഞ്ചായത്തുകൾക്ക് 220 കോടി, ആരോഗ്യമിഷനിൽ 2.61 കോടി രൂപ വിനിയോഗിച്ച് 32 പദ്ധതികൾ യാഥാർഥ്യമാക്കി. കേരങ്കടവ്, ഇടയാർ, കിഴുമുറിക്കടവ് പാലങ്ങൾ നിർമിച്ചു.
കൂത്താട്ടുകുളം ഗവ. യുപിഎസിലും മണീട് ഐടിഐയിലും ഹൈടെക് മന്ദിരം യാഥാർഥ്യമാക്കി. പിറവം, കൂത്താട്ടുകുളം, തിരുമാറാടി, രാമമംഗലം എന്നിവ സ്മാർട്ട് വില്ലജ് ഓഫീസുകളാക്കി. പിറവം ഗവ. താലൂക്കാശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്, നേത്രരോഗ ചികിത്സാകേന്ദ്രം, ആധുനിക ലാബ്, പുതിയ ഒപി ബ്ലോക്ക് സമുച്ചയം എന്നിവ ഒരുക്കി.
നടക്കാവ്–ഒലിയപ്പുറം റോഡ് നവീകരിച്ചു. തൊടുപുഴ–ചൂണ്ടി റോഡിന്റെ ആറൂർ രാമമംഗലം ഭാഗം പൂർത്തീകരിച്ചു. മണിമലക്കുന്ന് ഗവ. കോളേജിൽ കായികപരിശീലന കേന്ദ്രം, വിശ്രമമുറി, കാന്റീൻ എന്നിവ നിർമിച്ചു. തിരുമാറാടി ഗവ. ആശുപത്രി ഒപി ബ്ലോക്ക് നിർമാണം അവസാനഘട്ടത്തിൽ. എക്‌സൈസ് കടവ് പാലത്തിന്റെ വിശദപദ്ധതിരേഖ തയ്യാറാക്കുന്നതിനും മണ്ണുപരിശോധനയ്‌ക്കുമായി അഞ്ചുലക്ഷം രൂപ, കുമരകം–നെടുന്പാശേരി റോഡിന്റെ ഭാഗമായ പെരുവ–പെരുവമ്മുഴി റോഡിന് 134 കോടി എന്നിവ അനുവദിച്ച് നിർമാണം പുരോഗമിക്കുന്നു. ഇങ്ങനെ സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന എണ്ണിയാലൊടുങ്ങാത്ത വികസനപദ്ധതികളുടെ തുടർച്ചയിലാണ് പിറവവും.










0 comments