കൗതുകക്കാഴ്ചയായി വീട്ടിലും മൂട്ടിപ്പഴം

ജോയി ജോസഫ് മൂട്ടിപ്പഴം വിളവെടുക്കുന്നു
ജോഷി അറയ്‌ക്കൽ
Published on Jun 16, 2026, 02:53 AM | 1 min read
കോതമംഗലം
കാഴ്ചകൾതേടി വനത്തിലേക്ക് പോകേണ്ട, ചിലപ്പോൾ പ്രകൃതിതന്നെ വീട്ടുമുറ്റത്തേക്ക് എത്തുമെന്നതിന്റെ ഉദാഹരണമാണ് കോതമംഗലം, വെളിയേൽച്ചാലിൽനിന്നുള്ള കാഴ്ച.
പശ്ചിമഘട്ട മലനിരകളിലും നിത്യഹരിതവനങ്ങളിലും മാത്രം സാധാരണ കാണുന്ന മൂട്ടിപ്പഴം വീട്ടുമുറ്റത്ത് തനിയെ മുളച്ച് വളർന്ന് കായ്ച്ചിരിക്കുകയാണ്. വെളിയേൽച്ചാൽ എലിച്ചിറ ജോയി ജോസഫിന്റെ വീട്ടിലാണ് ഈ കൗതുകക്കാഴ്ച.
വംശനാശഭീഷണി നേരിടുന്ന പട്ടികയിലുള്ള ഫില്ലന്തേസീ സസ്യവർഗത്തിൽപ്പെടുന്ന ബാക്കോറിയ കോട്ടലെൻസിസ് എന്ന ശാസ്‌ത്രീയനാമത്തിലുള്ള മൂട്ടിപ്പഴമരം കായ്ച്ചതോടെ പഴുത്ത ചുവന്ന കായകൾ കാണാൻ സന്ദർശകരും എത്തിത്തുടങ്ങി.
കഴിഞ്ഞവർഷമാണ് ആദ്യമായി കായ്ച്ചത്. അപ്പോഴാണ് ഇത് വനത്തിൽ കാണപ്പെടുന്ന അപൂർവയിനം മൂട്ടിപ്പഴമാണെന്ന് ജോയിക്ക് മനസ്സിലായത്. ജനുവരിയോടെ പൂത്തുതുടങ്ങും. ജൂൺ, ജൂലൈ മാസങ്ങളിൽ വിളവെടുക്കാം.
ഔഷധഗുണമുള്ള ഈ പഴത്തിന് പുളിയും മധുരവും കലർന്ന രുചിയാണുള്ളത്. മരത്തിന്റെ ചുവട്ടിൽ ഉണ്ടാകുന്നതുകൊണ്ടാണ് ഇതിനു മൂട്ടിപ്പഴം എന്ന പേരുവന്നത്. കൃഷിയിടങ്ങളിൽ വച്ചുപിടിപ്പിച്ച് വിപണനം ചെയ്യാൻ കർഷകർ രംഗത്തുവരണമെന്നും കീരമ്പാറ പഞ്ചായത്ത് അംഗംകൂടിയായ ജോയി പറഞ്ഞു.










0 comments