മില്‍മ ഉൽപ്പന്നങ്ങള്‍ അന്താരാഷ്ട്രവിപണിയിലേക്ക് ; ഫുഡ്‌ലിങ്ക്സുമായി ധാരണപത്രം ഒപ്പിട്ട് മില്‍മ

കൊച്ചി
മിൽമ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്രവിപണിയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മിൽമയും ഫുഡ്‌ലിങ്ക്സ് ഫുഡ് ആൻഡ് ബിവറേജ് സൊല്യൂഷൻസും ധാരണപത്രം ഒപ്പുവച്ചു. എറണാകുളം ഇടപ്പള്ളിയിലെ മിൽമ ഓഫീസിൽ നടന്ന ചടങ്ങിൽ മിൽമ ചെയർമാൻ കെ എസ് മണിയുടെ സാന്നിധ്യത്തില്‍ മിൽമ മാനേജിങ് ഡയറക്ടർ ആസിഫ് കെ യൂസഫും ഫുഡ്‌ലിങ്ക്സ് പാർട്ണർ മുഹമ്മദ് ഷിബുവും ധാരണപത്രത്തിൽ ഒപ്പുവച്ചു. ധാരണപത്രം പ്രകാരം സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക് പ്രീമിയം മിൽമ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള അവകാശം ഫുഡ്‌ലിങ്ക്സിന് ലഭിക്കും. എല്ലാമാസവും 20 ടൺ മിൽമ നെയ്യ് നാല് രാജ്യങ്ങളിലായി വിതരണം ചെയ്യാനായി വാങ്ങണമെന്ന് കരാര്‍ നിഷ്കര്‍ഷിക്കുന്നു. പുറമെ ഓരോ രാജ്യത്തും എല്ലാമാസവും അഞ്ചുലക്ഷം രൂപയുടെ മറ്റ് മിൽമ ഉൽപ്പന്നങ്ങൾ വിറ്റഴിക്കണം. നിലവിലുള്ള ലുലു ഗ്രൂപ്പിന്റെ മില്‍മ വിതരണശൃംഖലയെ ബാധിക്കാത്ത രീതിയിലായിരിക്കും ഈ രാജ്യങ്ങളിലെ വിപണനം.
ആലപ്പുഴ പുന്നപ്രയിലുള്ള സെൻട്രൽ പ്രൊഡക്ട്സ് ഡെയറിയിൽനിന്നാണ് ഉൽപ്പന്നങ്ങൾ കയറ്റുമതിക്കായി കൈമാറുന്നത്. തുടക്കത്തിൽ ഒരു വർഷത്തേക്കാണ് കരാറെങ്കിലും പ്രവർത്തനക്ഷമതയും വിൽപ്പനലക്ഷ്യങ്ങളും വിലയിരുത്തി ഇത് രണ്ടുവർഷംവരെ നീട്ടാവുന്നതാണ്. ടി ശ്രീകുമാര്‍, ശ്യാമ കൃഷ്ണന്‍, ടി കെ സജിന തുടങ്ങിയവര്‍ പങ്കെടുത്തു.









0 comments