അനധികൃത സ്ഥലംമാറ്റവും ശമ്പളം തടഞ്ഞുവയ്‌ക്കലും
എൻജിഒ യൂണിയൻ കുത്തിയിരിപ്പ് സമരം നടത്തി

ഫിഷറീസ് വകുപ്പ് എറണാകുളം ജോയിന്റ് ഡയറക്ടറുടെ ക്യാബിനിൽ എൻജിഒ യൂണിയൻ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തുന്നു
കൊച്ചി
ഫിഷറീസ് വകുപ്പിലെ അനധികൃത സ്ഥലംമാറ്റത്തിനെതിരെ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോയിന്റ് ഡയറക്ടറുടെ ക്യാബിനിൽ കുത്തിയിരിപ്പ് സമരം നടത്തി.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ സെലക്‌ഷൻ ഗ്രേഡ് ടൈപ്പിസ്റ്റും എൻജിഒ യൂണിയൻ സംസ്ഥാന കൗൺസിൽ അംഗവുമായ കെ എൻ മഞ്ജു, ഫിഷറീസ് ഡയറക്ടറുടെ ഓഫീസിലെ യുഡി ടൈപ്പിസ്റ്റ് ടി ഒ കവിത എന്നിവരെയാണ് സ്ഥലം മാറ്റിയത്. രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം കോടതി സ്റ്റേ ചെയ്ത് ഉത്തരവ് വന്നശേഷവും ജീവനക്കാരെ മാറ്റിനിർത്തുകയും ജൂൺ മാസത്തെ ശമ്പളം നിഷേധിക്കുകയുംചെയ്തു. സ്ഥലംമാറ്റം പുനഃപരിശോധിക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും ശനിയാഴ്‌ച വീണ്ടും ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി.
പഴയ വിടുതൽ ഉത്തരവ് പ്രകാരം ജോലിയിൽ പ്രവേശിക്കാൻ നിർബന്ധിച്ചു. എൻജിഒ യൂണിയൻ പ്രതിഷേധത്തെ തുടർന്ന് മഞ്ജുവിന് പുതിയ തീയതിയിൽ ജോലിയിൽ പ്രവേശിക്കാനും അറ്റൻഡൻസ് ബുക്കിൽ ഒപ്പിടാനും തടഞ്ഞുവെച്ച ശമ്പളം കൊടുക്കുവാനും തീരുമാനമായി.
പ്രതിഷേധത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എൻ സിജിമോൾ, പി ഡി സാജൻ, കെ എസ് ഷാനിൽ, കെ എ അൻവർ, ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, ട്രഷറർ പി പി സുനിൽ എന്നിവർ പങ്കെടുത്തു.









0 comments