ad
Deshabhimani

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല

മെട്രോ നിർമാണം; കാക്കനാട്–എറണാകുളം
റൂട്ടിൽ യാത്രക്കാർ ദുരിതത്തിൽ

metro construction

കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാൽ റോഡരികിൽ നിൽക്കുന്ന യാത്രക്കാർ ബസിൽ കയറാൻ വാഹനത്തിനരികിലേക്ക് പോകുന്നു

വെബ് ഡെസ്ക്

Published on Jul 31, 2026, 02:34 AM | 1 min read

കാക്കനാട്


കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി പഴയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചുനീക്കിയതോടെ കാക്കനാട്–എറണാകുളം റൂട്ടിലെ യാത്രക്കാർ കടുത്ത ദുരിതത്തിൽ. തൃക്കാക്കര ബസ് സ്റ്റാൻഡ് ടെർമിനൽ മുതൽ പാലാരിവട്ടം ബൈപാസ് വരെയുള്ള പ്രധാന സ്റ്റോപ്പുകളിലൊന്നും നിലവിൽ സ്ഥിരം കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്.


​തൃക്കാക്കര ബസ് സ്റ്റാൻഡ് ടെർമിനൽ, ഓലിമുകൾ, അമ്പാടിമൂല, എൻജിഒ ക്വാർട്ടേഴ്സ്, പടമുകൾ, കമ്പിവേലിക്കകം, വാഴക്കാല, ചെമ്പുമുക്ക്, ആലിൻചുവട്, പാലാരിവട്ടം ബൈപാസ് തുടങ്ങിയ പ്രധാന സ്റ്റോപ്പുകളിലാണ് യാത്രാസൗകര്യങ്ങൾ ഇല്ലാതായത്. മെട്രോ നിർമാണത്തിന് മുന്നോടിയായി ഇവയെല്ലാം പൊളിച്ചുനീക്കിയിരുന്നു.


തുടർന്ന് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് പടമുകൾ, കമ്പിവേലിക്കകം തുടങ്ങിയ സ്ഥലങ്ങളിൽ കെഎംആർഎൽ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒരുമാസത്തിനിടെ അവയും നീക്കംചെയ്യുകയായിരുന്നു. ​ഇതോടെ ശക്തമായ മഴയിലും വെയിലിലും തുറസായ സ്ഥലത്ത്‌ ബസിനായി കാത്തുനിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. കാത്തിരിപ്പ് കേന്ദ്രങ്ങളും സ്റ്റോപ്പ് തിരിച്ചറിയാനുള്ള ബോർഡുകളും ഇല്ലാത്തത് യാത്രക്കാരെയും പുറത്തുനിന്ന് എത്തുന്നവരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുന്നു. ബസുകൾ എവിടെയാണ് നിർത്തുന്നതെന്ന് വ്യക്തതയില്ലാത്തതിനാൽ യാത്രക്കാർ ബസിനായി റോഡരികിലൂടെ ഓടുന്നത് വലിയ അപകടസാധ്യതയുണ്ടാക്കുന്നു.


​മെട്രോ നിർമാണം പൂർത്തിയാകുമ്പോൾ ആധുനിക സൗകര്യങ്ങളോടെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കുമെന്നാണ് കെഎംആർഎല്ലിന്റെ വിശദീകരണം. എങ്കിലും നിർമാണം നീളുന്ന ഘട്ടത്തിൽ യാത്രാക്ലേശം പരിഹരിക്കാൻ എല്ലാ പ്രധാന സ്റ്റോപ്പുകളിലും അടിയന്തരമായി താൽക്കാലിക കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home