വ്യവസായമന്ത്രി പി രാജീവിന്റെ പദ്ധതി
സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളുമായി ‘ഒപ്പം’ മെഡിക്കൽ ക്യാമ്പ് 25ന്

മന്ത്രി പി രാജീവും എ ആർ രഞ്ജിത്തും വാർത്താ സമ്മേളനത്തിൽ
കളമശേരി
വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് ‘ഒപ്പം’ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് 25ന് കളമശേരി സമ്ര കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ എട്ടുമുതൽ പകൽ ഒന്നുവരെ നടക്കുന്ന ക്യാന്പിൽ പതിനായിരത്തോളംപേർ പങ്കെടുക്കും. ക്യാമ്പോടെ തിമിരവിമുക്ത മണ്ഡലമായി കളമശേരി മാറുമെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ഹൃദ്‌രോഗത്തിന് പ്രഥമ ശുശ്രൂഷയ്‌ക്കുള്ള (സിപിആർ) പരിശീലനം ക്യാമ്പിനോടനുബന്ധിച്ച് വ്യാപകമായി നൽകും. സ്ത്രീകളിലെ അർബുദപരിശോധന, ഹൃദ്‌രോഗപരിശോധന, നേത്ര, ദന്ത, കേൾവി പരിശോധന എന്നിവയ്‌ക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 35 പ്രമുഖ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കൊപ്പം കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ, ഹോമിയോ, ആയുർവേദ ആശുപത്രികൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമാകും. ഐഎംഎ, ബിപിസിഎൽ,- കൊച്ചി റിഫൈനറി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ്.
സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളും പൊതു-സ്വകാര്യ മേഖലയിലെ പ്രഗല്‌ഭരായ ഡോക്ടർമാരുടെ സേവനവുമുണ്ട്. ക്യാമ്പിലേക്ക് വരുന്നതിന് യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്. 250ൽ അധികം ഡോക്ടർമാരും 300ൽപ്പരം ആരോഗ്യപ്രവർത്തകരും ക്യാമ്പിൽ പങ്കെടുക്കും. അർഹതപ്പെട്ടവർക്ക് സൗജന്യ ശസ്ത്രക്രിയാസൗകര്യവും മരുന്നും ലഭിക്കും. തിമിര ശസ്ത്രക്രിയയും കണ്ണടയും സൗജന്യമായി ലഭ്യമാക്കും.
നാല് ക്യാമ്പുകളിലായി 40,000 പേർക്ക് സൗജന്യ ചികിത്സ നൽകി. 2246 പേർക്ക് നേത്രശസ്ത്രക്രിയ നടത്തുകയും കണ്ണടകൾ നൽകുകയും ചെയ്തു. 116 പേർക്ക് ഹിയറിങ് എയ്ഡ് നൽകി. 44 പേർക്ക് മുട്ടുമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയും ഏഴുപേർക്ക് പ്ലാസ്റ്റിക് സർജറിയും നടത്തി. ക്യാമ്പിനായുള്ള രജിസ്ട്രേഷൻ 20ന് അവസാനിക്കും. ഒപ്പം മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ എ ആർ രഞ്ജിത്തും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments