കോടികളുടെ വീട് നിർമാണത്തട്ടിപ്പ്: മാസ്റ്റർ ബിൽറ്റ് എംഡി പിടിയിൽ

കാക്കനാട്
വീട് നിർമാണത്തിന് കരാറെടുത്ത് കോടികൾ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന മാസ്റ്റർ ബിൽറ്റ് ഇൻഫ്രാസ്ട്രക്ചർ എംഡിയും സിഇഒയുമായ തൃശ്ശൂർ സ്വദേശി കെ ജി ശരത്ത് (27) ചെന്നൈയിൽ പിടിയിലായി. കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
നിർമാണക്കരാർ ഏറ്റെടുത്ത് വൻതുക മുൻകൂറായി കൈപ്പറ്റിയ ശേഷം നിർമാണം പൂർത്തിയാക്കാതെ ഉപഭോക്താക്കളെ വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. മറ്റു പ്രതികളായ കമ്പനി സിഇഒ ലിയോ ജോർജ്ജ്, ഡയറക്ടർ കൃഷ്ണപ്രസാദ് എന്നിവർ നേരത്തെ അറസ്‌റ്റിലായിരുന്നു.
തെങ്ങോട് അംബേദ്കർ കോളനി റോഡിൽ 4.3 സെന്റ് സ്ഥലത്ത് മൂന്ന് നിലകളിലായി ആറ് അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന 3,424 ചതുരശ്രയടി കെട്ടിടം ഒരുവർഷത്തിനകം പൂർത്തിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് കരാറെടുത്തത്. ഇടപ്പള്ളി മാമംഗലം സ്വദേശി അബ്ദുൾ നിസ്താറിന്റെ മക്കളായ ഷാബിൻ, ഷെറിൻ എന്നിവരുടെ പേരിലുള്ള സ്ഥലത്തായിരുന്നു നിർമാണം.
പലതവണയായി 40.67 ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും 18.51 ലക്ഷം രൂപയുടെ നിർമാണം മാത്രമാണ് പൂർത്തിയാക്കിയത്. നിർമാണം തുടരാതെയും ബാക്കി തുക തിരികെ നൽകാതെയും വഞ്ചിച്ചതോടെയാണ് ഉടമകൾ പൊലീസിൽ പരാതി നൽകിയത്.
കരാർ ഒപ്പിട്ടശേഷം നിർമാണച്ചെലവിന്റെ 75 ശതമാനത്തോളം മുൻകൂറായി കൈപ്പറ്റുകയും പിന്നീട് നിർമാണം മന്ദഗതിയിലാക്കുകയോ പൂർണമായി നിർത്തിവയ്ക്കുകയോ ചെയ്യുന്നതായിരുന്നു പ്രതികളുടെ രീതിയെന്നാണ് പൊലീസ് പറഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി പ്രതികൾക്കെതിരെ 35ലേറെ പരാതികൾ ലഭിച്ചതായാണ് വിവരം. പത്തുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പറവൂർ, മുളന്തുരുത്തി, തിരുവനന്തപുരം, പൊഴിയൂർ, മാരാരിക്കുളം, അങ്കമാലി, ഒല്ലൂർ എന്നിവിടങ്ങളിലും ക്രൈംബ്രാഞ്ചിലും പ്രതികൾക്കെതിരെ കേസുകളുണ്ട്. ശരത്തിനെ കാക്കനാട് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.










0 comments