തകർന്ന് എംസി റോഡ്; യാത്രക്കാർ ദുരിതത്തിൽ

കൂത്താട്ടുകുളം സെൻട്രൽ കവലയിൽ എംസി റോഡ് തകർന്നനിലയിൽ
കൂത്താട്ടുകുളം
എംസി റോഡിലെ വലിയ കുഴികളിൽ വീണ് അപകടങ്ങൾ തുടരുന്നതായി യാത്രക്കാർ. കോട്ടയം–അങ്കമാലി എംസി റോഡിൽ പുതുവേലിമുതൽ മൂവാറ്റുപുഴവരെയുള്ള ഭാഗത്ത് കുഴികൾ ഗർത്തങ്ങളായി മാറിയിട്ടും അറ്റകുറ്റപ്പണി തുടങ്ങിയിട്ടില്ല. കരിമ്പന ഭാഗത്തെ കുഴിയിൽ വീണ് ഇതുവരെ എട്ടോളം വാഹനങ്ങളുടെ ടയർ പൊട്ടിയതായി നാട്ടുകാർ പറഞ്ഞു. മൂവാറ്റുപുഴമുതൽ മീങ്കുന്നം, ആറൂർ, വടക്കൻ പാലക്കുഴ, ഉപ്പുകണ്ടം, പുതുവേലി, മോനിപ്പിള്ളിവരെയുള്ള റോഡിൽ മിക്കയിടത്തും ചെറുതും വലുതുമായ കുഴികളുണ്ട്. മിക്കയിടങ്ങളിലും ടാറിങ് പൂർണമായും ഇളകിമാറിയ നിലയിലാണ്. മഴപെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് ആഴം മനസ്സിലാക്കാൻ ഡ്രൈവർമാർക്ക് കഴിയുന്നില്ല. ഇരുചക്രവാഹന യാത്രക്കാർക്കാണ് കൂടുതൽ അപകടഭീഷണി.
കൂത്താട്ടുകുളം സെൻട്രൽ ജങ്ഷനിൽ റോഡ് പൂർണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. വലിയ കുഴികൾ രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീളുന്നു. ഭാരമേറിയ ചരക്കുവാഹനങ്ങളും ബസുകളും കടന്നുപോകുമ്പോൾ ടാറിങ് ഇളകി
കുഴികളുടെ വ്യാപ്തി ദിനംപ്രതി വർധിക്കുകയാണ്. അപകടങ്ങൾ ഒഴിവാക്കുന്നതിനും ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും അടിയന്തരമായി റോഡ് റീ-ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.










0 comments