ad
Deshabhimani

 എംബിറ്റ്സ് കോളേജിൽ മോഷണം

ഡ്രോണും ലാപ്ടോപ്പും 
കാമറയും മോഷ്‌ടിച്ചു

MBITS College

നെല്ലിമറ്റം എംബിറ്റ്സ് കോളേജിൽ മോഷ്ടാക്കൾ തകർക്കാൻ ശ്രമിച്ച ലോക്കർ 
കോളേജിൽ ഉപേക്ഷിച്ചനിലയിൽ

വെബ് ഡെസ്ക്

Published on Jun 18, 2026, 01:10 AM | 1 min read

കവളങ്ങാട്


നെല്ലിമറ്റം എംബിറ്റ്സ് എൻജിനിയറിങ് കോളേജിലെ ഡ്രോണും ലാപ്ടോപ്പും കാമറയും മോഷ്‌ടിച്ചു. ചൊവ്വ രാത്രിയാണ്‌ മോഷണം. കോളേജ്‌ ലോക്കറിലുള്ള പണം ലക്ഷ്യമിട്ടെത്തിയതാണ്‌ മോഷ്‌ടാക്കൾ.


ഏറെ ശ്രമിച്ചിട്ടും കഴിയാത്തതിനാൽ ലോക്കർ കോളേജിന്റെ മുറ്റത്ത് ഉപേക്ഷിച്ചു. ഇതിൽ അഞ്ച്‌ ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘത്തിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറകളിൽനിന്ന് ഊന്നുകൽ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബുധൻ പുലർച്ചെ 5.45 ഓടെ ഇവർ ഓട്ടോറിക്ഷയിൽ കയറി തിരികെ പോകുന്നതിന്റെ ദൃശ്യവുമുണ്ട്. പ്രധാന കവാടത്തിൽനിന്ന്‌ ഓഫീസ്‌ കെട്ടിടത്തിലേക്ക്‌ കുറച്ചധികം ദൂരമുണ്ട്‌. അതിനാൽ കവാടത്തിലും ഹോസ്‌റ്റലിലുമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ മോഷ്ടാക്കൾ കയറിയത്‌ അറിഞ്ഞിരുന്നില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. പരീക്ഷ നടക്കുന്നതിനാൽ ഹോസ്റ്റലിൽ കുറച്ചു വിദ്യാർഥികൾ മാത്രമാണുണ്ടായിരുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട്‌ പുലർച്ചെ മൂന്നോടെ വീട്ടിൽനിന്ന്‌ ഹോസ്റ്റലിലേക്കുവന്ന വിദ്യാർഥി, ഒരാൾ മുറ്റത്തുനിൽക്കുന്നതായി കണ്ടെങ്കിലും മോഷ്‌ടാവാണെന്നു കരുതാത്തതിനാൽ കാര്യമാക്കിയില്ല.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലും പ്രിൻസിപ്പൽ ഓഫീസിലും വാതിലിന്റെ പൂട്ടുപൊളിച്ച് മോഷ്‌ടാക്കൾ കയറി. അഡ്‌മിഷൻ സെല്ലിൽനിന്നാണ്‌ ഡ്രോണും ലാപ്ടോപ്പും കാമറയും മോഷ്‌ടിച്ചത്. മറ്റു മുറികളുടെ വാതിലുകളും പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട്. അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിലെ ലോക്കർ പ്രിൻസിപ്പൽ ഓഫീസിന് സമീപമുണ്ടായിരുന്ന ട്രോളിയിൽ കയറ്റിയാണ്‌ മുറ്റത്തെത്തിച്ചത്. ഇവിടെവച്ച് ഇലക്‌ട്രിക്‌ കട്ടർ ഉപയോഗിച്ച്‌ ലോക്കർ പൊളിക്കാനുള്ള ശ്രമം വൈദ്യുതി വിഛേദിക്കപ്പെട്ടതിനാൽ നടന്നില്ല. സിമന്റും ഇഷ്‌ടികയും കല്ലും ഉപയോഗിച്ച്‌ പൊളിക്കാനും ശ്രമിച്ചിരുന്നു. ഫൊറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സമീപത്തെ വീടുകളിലെയും സ്‌ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home