കുഴൽനാടൻ–ലീഗ് തർക്കം: അനുനയശ്രമം പാളി

ഫ്ലക്‌സില്‍നിന്ന് മാത്യു കുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റുന്നു (ഫയല്‍ ചിത്രം)
മൂവാറ്റുപുഴ
മുസ്ലിംലീഗിനെതിരെ മാത്യു കുഴൽനാടൻ നടത്തിയ പരാമർശത്തെ തുടർന്നുണ്ടായ ലീഗ് പ്രതിഷേധം അനുനയിപ്പിക്കാനുള്ള ശ്രമം പാളി. കോൺഗ്രസിന്റ ആഭ്യന്തരകാര്യങ്ങളിൽ മുസ്ലിംലീഗ് ഇടപെടേണ്ടെന്ന കുഴൽനാടന്റെ പ്രസ്താവനയെ തുടർന്ന് കഴിഞ്ഞദിവസം മൂവാറ്റുപുഴയിൽ മുസ്ലിംലീഗ് പ്രവർത്തകർ കുഴൽനാടന്റെ ചിത്രം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. പ്രശ്നം ഒത്തുതീർക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് കെ ഫ്രാൻസിസ് ജോർജ് എംപിയുടെ മധ്യസ്ഥതയിൽ തിങ്കൾ രാത്രി മൂവാറ്റുപുഴയിലാണ് യോഗം ചേർന്നത്.
പരസ്യമായി പ്രസ്താവന പിൻവലിക്കണമെന്ന ലീഗ് പ്രവർത്തകരുടെ ആവശ്യം മാത്യു കുഴൽനാടൻ അംഗീകരിച്ചില്ല. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് കുഴൽനാടന്റെ ആവശ്യം.
എന്നാൽ, പരസ്യമായി പ്രസ്താവന പിൻവലിക്കണമെന്ന ആവശ്യത്തിൽനിന്ന് മാറാൻ ലീഗ് നേതാക്കൾ തയ്യാറായില്ല. വിഷയം പരിഹരിക്കാതെ, വിജയാഘോഷമോ പര്യടനമോ നടത്തുമ്പോൾ മറ്റു പ്രശ്നങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും ലീഗ് നേതാക്കൾ പറഞ്ഞു. യുഡിഎഫ് ബൂത്തുതല ഭാരവാഹികൾക്കുള്ള സ്‌നേഹവിരുന്ന് നടത്തരുതെന്നും ലീഗ് നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച മാറാടിയിലാണ് സ്‌നേഹവിരുന്ന് നിശ്‌ചയിച്ചിരുന്നത്. ചർച്ച പരാജയപ്പെട്ടതോടെ ഇത് ഒഴിവാക്കി. ലീഗിനെതിരെയുള്ള കുഴൽനാടന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ആയവന പഞ്ചായത്തിലെ പുന്നമറ്റത്താണ് കുഴൽനാടന്റെ ചിത്രം മുസ്ലിംലീഗുകാർ കത്തിച്ചത്. ലീഗിനോട് കളിച്ചാൽ വീട്ടിൽ ഇരുത്തുമെന്ന മുദ്രാവാക്യവുമായായിരുന്നു പ്രതിഷേധം.










0 comments