ad
Deshabhimani

മൂവാറ്റുപുഴയിൽ വിമതപ്രളയം: 
മാത്യു കുഴൽനാടന് എതിരെ ഫ്ലക്‌സ്‌ ബോർഡ്‌

Mathew Kuzhalnadan
വെബ് ഡെസ്ക്

Published on Nov 22, 2025, 02:15 AM | 1 min read


മൂവാറ്റുപുഴ

വാളകം പഞ്ചായത്തിൽ നാലാംവാർഡിൽ ‘ജനറൽ സീറ്റിൽ വനിത വേണ്ട’ എന്ന് എഴുതി മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. വ്യാഴം രാത്രി സ്ഥാപിച്ച ബോർഡുകൾ ഒരുവിഭാഗം നശിപ്പിച്ചെങ്കിലും വെള്ളി പകൽ വീണ്ടും സ്ഥാപിച്ചു.


നാലാംവാർഡിൽ നിലവിൽ പഞ്ചായത്ത് അംഗവും രണ്ട് വർഷം പ്രസിഡന്റുമായിരുന്ന ബിനോ കെ ചെറിയാന് സീറ്റ് നൽകാതെ വൈസ് പ്രസിഡന്റായിരുന്ന രജിത സുധാകരന് സീറ്റ് നൽകിയതിൽ കുഴൽനാടന് പങ്കുണ്ടെന്നായിരുന്നു വിമതരുടെ ആക്ഷേപം.


‘അമേരിക്കൻ മുതലാളിക്ക് സീറ്റ് വിറ്റ് കോൺഗ്രസ് പ്രവർത്തകരെ വഞ്ചിച്ച കുഴൽനാടൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണ’മെന്നാണ് കോൺഗ്രസ് നാലാംവാർഡ് കമ്മിറ്റി സ്ഥാപിച്ച ബോർഡിലുള്ളത്. വാർഡിൽ കോൺഗ്രസിലെ ടി പി ജോയ്, ജോബി പൗലോസ് എന്നിവരും പത്രിക നൽകി. മുൻ അംഗവും കഴിഞ്ഞതവണ മത്സരിച്ചു തോറ്റ കോൺഗ്രസിലെ ഇ വി ജോർജ് 13–ാംവാർഡിലും ബ്ലോക്ക് പഞ്ചായത്ത് അംഗവും മഹിളാ കോൺഗ്രസ് നേതാവുമായ സാറാമ്മ ജോൺ 14–ാംവാർഡിലും വിമതരായി പത്രിക നൽകി.


മാറാടിയിൽ കോൺഗ്രസിലും യുഡിഎഫിലുമുള്ള കലഹംമൂലം രണ്ടാംവാർഡിൽ മഹിളാ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് രമ പരമേശ്വരനും പത്താംവാർഡിൽ കേരള കോൺഗ്രസി (ജോസഫ്)ലെ ജെറിൻ ജോർജും വിമതരായി പത്രിക നൽകി. പായിപ്ര പഞ്ചായത്തിൽ നാലാംവാർഡിൽ മുസ്ലിംലീഗിലെ ഈ ജെ നജീബും പത്താംവാർഡിൽ പി പി ഷറഫുദ്ദീനും വിമതരായി പത്രിക നൽകി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മേക്കടമ്പ് ഡിവിഷനിൽ ഉറപ്പുനൽകിയ സീറ്റ് നിഷേധിച്ചതിനാൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ബിജു പുളിക്കൽ വിമതനായി പത്രിക നൽകി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണാണ് ഇവിടെ സ്ഥാനാർഥി. നഗരസഭ ഒന്നാംവാർഡിൽ നിലവിലെ കോൺഗ്രസ് കൗൺസിലർ കെ കെ സുബൈർ വിമതനായി പത്രിക നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home