4 മെത്രാപോലീത്തമാരെ തെരഞ്ഞെടുക്കും
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം 27ന്

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ വേദിയായ വെട്ടിക്കൽ ദയറായിലെ സെന്റ് ഗ്രിഗോറിയോസ് നഗറിൽ സ്ഥാപിക്കാനുള്ള കൊടിമരം സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആശീർവദിക്കുന്നു
മുളന്തുരുത്തി
മലങ്കരസഭയുടെ പാർലമെന്റായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ സെന്റ് ഗ്രീഗോറിയോസ് നഗറിൽ സമ്മേളിക്കും.
മലങ്കരസഭയ്ക്ക് പുതുതായി നാല് മെത്രാപ്പോലീത്തമാരെ തെരഞ്ഞെടുക്കുന്നതിനാണ് മലങ്കര നസ്രാണി പള്ളിയോഗം ചേരുന്നത്. നാലായിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും. വിദേശ ഭദ്രാസനങ്ങളിലെ അംഗങ്ങൾ ഓൺലൈനായും മറ്റുള്ളവർ ബാലറ്റിലൂടെയും വോട്ട് ചെയ്യും. 27ന് രാവിലെ സഭാ മാനേജിങ് കമ്മിറ്റി യോഗം.11.30ന് പള്ളിയിൽനിന്ന് സമ്മേളനഗരിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വാഹന ഘോഷയാത്ര. 12.15ന് സെന്റ് ഗ്രീഗോറിയോസ് നഗറിൽ മലങ്കര മെത്രാപോലീത്തയെയും മറ്റു മെത്രാപോലീത്തമാരെയും സ്വീകരിക്കും. രാത്രി ഏഴിന് ഫലം പ്രഖ്യാപിക്കും.
യോഗത്തിന് വിളംബരംകുറിച്ചുള്ള പതാക ഘോഷയാത്ര ചൊവ്വ രാവിലെ 8.30ന് കൊരട്ടി സിയോൻ സെമിനാരിയിൽനിന്ന് ആരംഭിക്കും. കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപോലീത്താ ഫ്ലാഗ് ഓഫ് ചെയ്യും. യാത്രയ്‌ക്ക് ആലുവ തൃക്കുന്നത്ത് സെമിനാരി, മൂവാറ്റുപുഴ അരമന, കോലഞ്ചേരി പള്ളി എന്നിവിടങ്ങളിൽ സ്വീകരണം നൽകും. വൈകിട്ട് അഞ്ചിന് ഘോഷയാത്ര മുളന്തുരുത്തി പള്ളിത്താഴം ജങ്‌ഷനിലെത്തിച്ചേരും. തുടർന്ന് അസോസിയേഷൻ ചേരുന്ന സെന്റ് ഗ്രീഗോറിയോസ് നഗറിൽ കാതോലിക്കാ ബാവാ പതാക ഉയർത്തും.










0 comments