എം പരിവാഹൻ ആപ്പിന്റെ പേരിലും തട്ടിപ്പ്
വീണുപോകരുത് ‘പിഴത്തട്ടിപ്പില്‍'

വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിലൊന്ന്

ശ്രീരാജ് ഓണക്കൂർ
Published on Mar 11, 2025, 01:57 AM | 1 min read
കൊച്ചി
വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളുമായി സൈബർ തട്ടിപ്പുകാർ. വാട്‌സാപ്പിൽ വരുന്ന ഇത്തരം സന്ദേശങ്ങളിൽ ആരും വീഴരുതെന്ന് മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വാഹന നമ്പറും ട്രാഫിക് നിയലംഘനത്തിന്റെ ചെല്ലാൻ നമ്പറും സഹിതമാണ് വാട്‌സാപ്പിൽ സന്ദേശം എത്തുന്നത്. പിഴയായി 1000 രൂപമുതലാണ് ആവശ്യപ്പെടുന്നത്.
പിഴയടച്ചില്ലെങ്കിൽ കൂടുതൽ നിയമനടപടി നേരിടേണ്ടിവരുമെന്ന ഭീഷണിയും സന്ദേശത്തിനൊപ്പമുണ്ടാകും. കേന്ദ്രസർക്കാരിന്റെ എം പരിവാഹൻ ആപ്പിൽ പണമടയ്‌ക്കാനാണ് ആവശ്യപ്പെടുക. ആപ് മൊബൈലിൽ ഇൻസ്‌റ്റാൾ ചെയ്യാനും ആവശ്യപ്പെടും. ഇതിനായി എം പരിവാഹൻ എന്ന പേരിൽ ഒരു എപികെ ഫയലും (ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പാക്കേജ്) അയച്ചുനൽകും. എപികെ ഫയൽ ഇൻസ്‌റ്റാൾ ചെയ്‌താൽ മൊബൈലിന്റെ നിയന്ത്രണം സൈബർ തട്ടിപ്പുകാർ സ്വന്തമാക്കും. ഫോണില്‍ സേവ് ചെയ്‌ത നമ്പറുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അവർക്ക് ലഭിക്കും. പിഴ അടയ്‌ക്കാൻ നിങ്ങളുടെ മൊബൈലിൽ വന്ന ഒടിപി പറഞ്ഞുതരാൻ തുടർന്ന് ആവശ്യപ്പെടും. ഒടിപി ലഭിക്കുന്നതോടെ അക്കൗണ്ടിലെ പണവും തട്ടിപ്പുകാര്‍ സ്വന്തമാക്കും.
മോട്ടോർ വാഹനവകുപ്പ് വാട്‌സാപ് വഴി വാഹന നിയമലംഘന സന്ദേശങ്ങൾ അയക്കാറില്ലെന്ന് എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടിഒ കെ മനോജ് പറയുന്നു. എസ്‌എംഎസ് ആയാണ് സന്ദേശങ്ങൾ അയക്കുക. ലൈസൻസ് പുതുക്കലിന്റെ പേരിലും ഇത്തരം വ്യാജസന്ദേശം വരുന്നുണ്ട്.
വാട്‌സാപ്പിൽ വ്യാജ സന്ദേശങ്ങൾ ലഭിച്ചാൽ എം പരിവാഹൻ ആപ്പിലോ വെബ്‌സൈറ്റിലോ കയറി പരിശോധിച്ച് ഉറപ്പാക്കണം. ഇത്തരം സന്ദേശങ്ങൾക്കെതിരെ പരിവാഹനിൽ പരാതി നൽകാം, അല്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് ഓഫീസുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.










0 comments