വാഴക്കുലയിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; മുഖ്യപ്രതി പിടിയിൽ

ധനേഷ് എസ് നായർ
ആലുവ
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ കടത്തുന്ന ലഹരിശൃംഖലയിലെ മുഖ്യപ്രതി അറസ്റ്റിൽ. ഹരിപ്പാട് പായിപ്പാട് വീയ്യപുരം പറയിൽ വീട്ടിൽ ധനേഷ് എസ് നായരാണ് (ഡാനി –31) പിടിയിലായത്. മൈസൂരുവിനടുത്ത് നഞ്ചൻഗുഡുവിൽ താമസിക്കുന്ന ഇയാളെ ആലുവ ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്‌തത്. 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എംഡിഎംഎയും ധനേഷിൽനിന്ന് പിടിച്ചെടുത്തു.
ആലുവയിൽ 185 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ധനേഷ് കുടുങ്ങിയത്. റൂറൽ എസ്‌പി കെ എസ് സുദർശന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകസംഘം തമിഴ്നാട്ടിലും കർണാടകത്തിലും നടത്തിയ അന്വേഷണത്തിനൊടുവിൽ അങ്കമാലിയിൽവച്ചാണ് ധനേഷിനെ പിടികൂടിയത്.
ലഹരിക്കടത്തിനും വിതരണത്തിനും യുവാക്കളെ ബംഗളൂരുവിലും പരിസരങ്ങളിലും എത്തിക്കുകയാണ് ധനേഷ് ചെയ്തിരുന്നത്. അവിടെനിന്ന് വൻതോതിൽ എംഡിഎംഎ കേരളത്തിലെത്തിച്ച് കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും വിതരണം ചെയ്തിരുന്നു. ലഹരിമരുന്ന് വാഴക്കുലകൾക്കുള്ളിൽ പൊതിഞ്ഞ് ഒളിപ്പിക്കുന്നതടക്കമുള്ള കടത്തൽരീതികൾ വ്യക്തമാക്കുന്ന വീഡിയോകളും മറ്റ് ദൃശ്യങ്ങളും പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് കണ്ടെത്തി.
മൈസൂരുവിനടുത്ത് നഞ്ചൻഗുഡുവിൽ ധനേഷിന് വാഴത്തോട്ടവും കൃഷിയിടങ്ങളും ഉള്ളതായും അവയുടെ മറവിൽ ലഹരിമരുന്നുകടത്തലും വിതരണവും നടത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. അങ്കമാലി ഇൻസ്പെക്ടർ ആർ രൂപേഷ്, നെടുമ്പാശേരി ഇൻസ്പെക്ടർ ബി കെ അരുൺ, എസ്ഐമാരായ ജോജോ ജോർജ്, വി അനൂപ്, ലാൻസി ദാസ്, എഎസ്ഐ കെ എ നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘമാണ് പ്രതിയെ പിടികൂടിയത്.
മയക്കുമരുന്ന് കച്ചവടം ഇൻസ്റ്റഗ്രാം വഴി
കഴിഞ്ഞദിവസം മയക്കുമരുന്നുകടത്തലിൽ അറസ്റ്റിലായ ഹരികൃഷ്ണനും ഷിനു സെബാസ്റ്റ്യനും ‘ഡാനി ഭായ്’ എന്ന പേരിൽ അറിയപ്പെടുന്ന ധനേഷ് ഇൻസ്റ്റഗ്രാം വഴി നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചാണ് ലഹരിമരുന്ന് വിതരണം ചെയ്തിരുന്നത്. ആലുവയിലെ ലോഡ്ജിൽനിന്ന് 185 ഗ്രാം എംഡിഎംഎയുമായി ഹരികൃഷ്ണനെയും ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തോപ്പുംപടിയിൽനിന്ന് ഏഴുഗ്രാം എംഡിഎംഎയുമായി ഷിനു സെബാസ്റ്റ്യനെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഉപഭോക്താക്കൾക്ക് ലഹരിമരുന്ന് കൈമാറുകയും അതിന്റെ പണം ധനേഷിന് എത്തിച്ചുനൽകുകയും ചെയ്തിരുന്നത് ഇവരാണ്.
ലഹരിക്കടത്ത് കാർഷിക സംരംഭത്തിന്റെ മറവിൽ
ജർമനിയിൽ 2015 മുതൽ 2018 വരെ അഗ്രി ബിസിനസ് പഠിച്ച ധനേഷ്, കൃഷിയും വിവിധ കാർഷിക സംരംഭങ്ങളും ആരംഭിച്ച് കർഷകനെന്ന നിലയിൽ പ്രവർത്തിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച യുവകർഷകനുള്ള പുരസ്കാരം ലഭിച്ച ഇയാൾ കൃഷിവകുപ്പിന്റെ ‘കൃഷിദീപം’ പരിപാടിയുടെ 1002–-ാം എപ്പിസോഡിലും പങ്കെടുത്തിരുന്നു.









0 comments