Deshabhimani

അക്വാൻ ചുഴലി തീരമണയുന്നു, വേഗം മണിക്കൂറിൽ 12 കിലോമീറ്റര്‍, ഒഡിഷയിൽ 80,000 പേരെ മാറ്റിപ്പാര്‍പിച്ചു

akvan
വെബ് ഡെസ്ക്

Published on Nov 19, 2026, 01:57 PM | 1 min read

കട്ടക്:ബംഗാള്‍ ഉള്‍ക്കടലിൽ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് അക്വാൻ മണിക്കൂറിൽ 12 കിലോമീറ്റര്‍ വേഗതിയിൽ വടക്ക് ദിശയിലേക്ക് നീങ്ങുന്നു. നവംബര്‍ 20 ന് ഒഡിഷയിലെ ഗോപാൽപൂരിന് സമീപം കരതൊടും എന്നാണ് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നത്. ചുഴലിയുടെ ഗതി അപ്രവചനീയമായി മാറാം എന്ന ആശങ്കയും ഉണ്ട്. വടക്കൻ തീരദേശ ആന്ധ്രാപ്രദേശിന്റെ അങ്ങേയറ്റത്തേക്ക് കാറ്റ് ദിശമാറാൻ നേരിയ സാധ്യതയുണ്ടെന്ന് അമരാവതിയിലെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് പുതുക്കിയിട്ടണ്ട്.


ആന്ധ്രാപ്രദേശിലെ നർസാപൂർ മുതൽ ഒഡീഷയിലെ പുരി വരെയുള്ള തീരപ്രദേശത്താണ് കാറ്റിന്റെ സഞ്ചാരപഥം. മുൻകരുതൽ നടപടികളുടെ ഭാഗമായി ഒഡീഷ സർക്കാർ 80,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 74 രക്ഷാപ്രവർത്തന സംഘങ്ങളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടാകാൻ സാധ്യതയുള്ള ഗഞ്ചം ജില്ലയിൽ മാത്രം ഇന്ന് രാവിലെ 6 മണി വരെ 36,398 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.


ആന്ധ്രാപ്രദേശിൽ വടക്കൻ തീരദേശ ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. ഒരു മാസത്തിനുള്ളിൽ മൂന്ന് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ തീരത്തെത്തുന്ന അസാധാരണ പ്രതിഭാസത്തിന് ഇരയാവുകാണ് ആന്ധ്ര. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് റെയിൽവേ ഇതുവരെ മൂന്ന് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു.



Related News


കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് ആന്ധ്രാപ്രദേശിലെ കാക്കിനടയിൽ നിന്നുള്ള ഏകദേശം 80 മത്സ്യത്തൊഴിലാളികൾ 10 യന്ത്രവൽകൃത ബോട്ടുകളിലായി ഒഡീഷയിലെ ഗഞ്ചം ജില്ലയിലുള്ള ആര്യപ്പള്ളി ഫിഷ് ലാൻഡിംഗ് സെന്ററിൽ അഭയം പ്രാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ജാർഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.


വെള്ളിയാഴ്ച ലോഹർദാഗ, ഗുംല, സിംഡെഗ, രാംഗഡ്, റാഞ്ചി, ഖുന്തി, ബൊക്കാറോ, ധൻബാദ്, സറൈകേല-ഖർസവാൻ, വെസ്റ്റ് സിംഗ്ഭും, ഈസ്റ്റ് സിംഗ്ഭും എന്നീ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ എട്ട് ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home