Deshabhimani

പി ടി ഉഷയെ ഉൾപ്പെടുത്തിയത് അസാധുവാക്കാൻ; ഐസ് ഹോക്കിയിലെ ഒരു വിഭാഗം ഹൈക്കോടതിയിൽ

pt usha
വെബ് ഡെസ്ക്

Published on Nov 19, 2026, 01:03 PM | 2 min read

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പി ടി ഉഷയെ ഉൾപ്പെടുത്തിയത് അസാധുവാക്കണം എന്നാവശ്യപ്പെട്ട് ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയിലെ (ഐഎച്ച്‌എഐ) ഒരു വിഭാഗം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. മറ്റൊരു നോമിനിയായ ഐഎച്ച്‌എഐ സെക്രട്ടറി ജനറൽ ഹർജീന്ദർ സിങ്ങിന്റെ നോമിനഷനും തള്ളണമെന്ന്‌ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌.

നേരത്തേ നടന്ന സ്പോർട്‌സ്‌ പേഴ്സൺസ് ഓഫ് മെറിറ്റ് തെരഞ്ഞെടുപ്പിൽ പിടി ഉഷ പരാജയപ്പെട്ടിരുന്നു. അതോടെ ഐഒഎ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത നഷ്‌ടമായി. എന്നാൽ, ഐഎച്ച്‌എഐ പ്രസിഡന്റ്‌ ഗുർപ്രീത് സിംഗ് ബക്ഷി ഉഷയെ ഐഒഎ ജനറൽ അസംബ്ലിയിലേക്കുള്ള തങ്ങളുടെ പ്രതിനിധികളിലൊരാളായി നാമനിർദ്ദേശം ചെയ്‌തു. അതോടെ, വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ട ഉഷയ്‌ക്ക്‌ ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാഹചര്യമൊരുങ്ങിയിരുന്നു. അതിനെതിരെയാണ്‌ ഐഎച്ച്‌എഐയിലെ ഒരു വിഭാഗം കോടതിയെ സമീപിച്ചത്‌.


ഉഷ ഒരിക്കലും ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയിൽ അംഗമായിരുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കുൻസാങ് നംഗ്യാൽ നയിക്കുന്ന ഐഎച്ച്‌എഐയിലെ മറ്റൊരു വിഭാഗം നാമനിർദ്ദേശത്തെ എതിർക്കുന്നത്‌. നിയമപരമായ അംഗീകാരമില്ലാത്തതിനാൽ ഐഎച്ച്എഐ പ്രസിഡന്റായി പ്രവർത്തിക്കാൻ ബക്ഷിക്കും സെക്രട്ടറി ജനറലായിരിക്കാൻ ഹർജീന്ദറിനും അധികാരമില്ലെന്നും ഇവർ പറഞ്ഞു.


ബക്ഷി പ്രസിഡന്റായ ഐഎച്ച്എഐയെയാണ് ഐഒഎ അംഗീകരിക്കുന്നത്. എന്നാൽ, ഔദ്യോഗിക ദേശീയ കായിക ഫെഡറേഷൻ എന്നവകാശപ്പെട്ട് ഒന്നിലധികം വിഭാഗങ്ങൾ രംഗത്തുവന്നതോടെ ഐസ് ഹോക്കിയുടെ ഒരു ദേശീയ ഭരണസമിതിയെയും കായിക മന്ത്രാലയം നിലവിൽ അംഗീകരിച്ചിട്ടില്ല. ഉഷയുടെ നാമനിർദേശത്തിനെതിരായ നംഗ്യാൽ വിഭാഗത്തിന്റെ പരാതി ഐഒഎ തെരഞ്ഞെടുപ്പ് ഓഫീസർ തള്ളിയിരുന്നു. അതോടെയാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. ഐഎച്ച്‌എഐ ഭാരവാഹികളെ നിശ്‌ചയിക്കാൻ ഈ വർഷം ഓഗസ്റ്റ് രണ്ടിന് നടത്തിയ തെരഞ്ഞെടുപ്പ് അംഗീകരിക്കാൻ ഐഒഎയ്ക്ക് നിർദ്ദേശം നൽകണമെന്നും കോടതിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.


ഐഒഎ ജനറൽ അസംബ്ലിയിലേക്ക് രണ്ട് പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യാൻ അനുവദിക്കാത്തതിനെതിരെ ബ്രിജീന്ദർ സിംഗ് നയിക്കുന്ന ഇന്ത്യൻ ഗോൾഫ് യൂണിയനും (ഐജിയു) ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി വ്യാഴാഴ്ച പരിഗണിക്കും. നവംബർ ഒൻപതിന് പുറത്തിറക്കിയ, ഐ.ഒ.എ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുള്ള 30 ദേശീയ കായിക ഫെഡറേഷനുകളുടെ പട്ടികയിൽ നിന്ന് ഐജിയുവിനെ ഒഴിവാക്കിയിരുന്നു. ഐ.ജി.യുവിനും രണ്ട് വിഭാഗങ്ങളുണ്ട്. ഇതിൽ ഒന്നിന് ഐഒഎയുടെയും മറ്റൊന്നിന് കായിക മന്ത്രാലയത്തിന്റെയും അംഗീകാരമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home