Deshabhimani

കൊൽക്കത്ത മെഡിക്കൽ കോളേജിന്റെ ശേചനീയാവസ്ഥ പുറത്തെത്തിച്ച മെഡിക്കൽ വിദ്യാര്‍ഥികള്‍ക്ക് നേരെ ബിജെപി ഗുണ്ടാ ആക്രമണം

 Kolkata Medical College
വെബ് ഡെസ്ക്

Published on Nov 19, 2026, 12:43 PM | 2 min read

കൊൽക്കത്ത:ദുര്‍ഗാ പൂജയ്ക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് 19 പേ‍ർ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിന് പിന്നാലെ തലസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജിലെ പരിമിതികള്‍ തുറന്നു പറഞ്ഞ മെഡിക്കൽ വിദ്യാര്‍ഥികള്‍ക്ക് നേരെ ആര്‍എസ്എസ് ബിജെപി ഗുണ്ടാ ആക്രമണം. ആശുപത്രിയിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയ എട്ട് ജൂനിയർ ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ നടപടിക്കെതിരെ ബുധനാഴ്ച വിദ്യാർഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ പുറത്തുനിന്നും എത്തിയ സംഘമാണ് ആക്രമണം അഴിച്ചു വിട്ടത്.


പ്രതികാര നടപടികള്‍ പിൻവലിക്കാൻ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രിൻസിപ്പലിന്റെ മുറി ഉപരോധിച്ചു. ഇതിനിടെ പുറത്തു നിന്നും എത്തിയ എഴുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. എബിവിപി വിദ്യാ‍‍ർഥികളുടെ നേതൃത്വത്തിലാണ് പുറത്തു നിന്നുള്ള ക്രിമിനലുകള്‍ എത്തിയതെന്ന് വെസ്റ്റ് ബംഗാൾ ജൂനിയർ ഡോക്ടേഴ്സ് ഫ്രണ്ട് വിശദമാക്കി. ഉപകരണങ്ങള്‍ തല്ലി തകര്‍ക്കുകയും രോഗികളെ ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തു.


ചോർബാഗൻ ദുരന്തസമയത്ത് ആശുപത്രിയിലെ സൗകര്യക്കുറവുകൾ ചൂണ്ടിക്കാട്ടിയതിനാണ് തങ്ങളെ ലക്ഷ്യം വെക്കുന്നതെന്ന് മെഡിക്കൽ കോളേജ് സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് ശാശ്വത പറഞ്ഞു. കാരണം കാണിക്കൽ നോട്ടീസിന് ആധാരമായ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും അല്ലാത്തപക്ഷം നോട്ടീസ് പിൻവലിക്കണമെന്നുമാണ് ഡോക്ടർമാർ ആവശ്യപ്പെട്ടത്. സുരക്ഷാ വീഴ്ചകള്‍ കാരണം ഉണ്ടായ ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരുന്നു. മരുന്നും സൗകര്യങ്ങളും ഇല്ലാത്ത ആശുപത്രിയുടെ ശോചനീയാവസ്ഥ അടിയന്തര ചികിത്സ നൽകുന്നതിന് തടസമായി. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ചതാണ് പ്രതികാര നടപടിക്ക് ഇടയാക്കിയത്.


പ്രതിഷേധിച്ചവരെ നക്സലുകളാക്കി മന്ത്രി


നിയമം ലംഘിക്കുന്ന ജൂനിയർ ഡോക്ടർമാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ശരദ്വത് മുഖർജി ഭീഷണി മുഴക്കി. ഡോക്ടർമാരെ "ജൂനിയർ മാവോയിസ്റ്റുകൾ" എന്നും "ദിമാഗി നക്സലുകൾ" എന്നും വിശേഷിപ്പിച്ച മന്ത്രി, ഇവർ നിയമങ്ങൾ പാലിക്കാത്ത രാജ്യവിരുദ്ധരാണെന്നും ആരോപിച്ചു. ഡ്യൂട്ടി സമയത്ത് എന്തിനാണ് ഡോക്ടർമാർ വാർത്താസമ്മേളനം നടത്തിയതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ചോദിച്ചു. സംഭവത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ക്യാമ്പസിൽ കനത്ത സംഘർഷാവസ്ഥ തുടരുകയാണ്.

kolkata

ഒക്ടോബർ 17-ന് വടക്കൻ കൊൽക്കത്തയിലെ ചോർബാഗൻ സർവജനീൻ ദുർഗ്ഗാ പൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിക്കുകയും 25-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരത്തിന് തുടര്‍ച്ചായി മെഡിക്കൽ കോളേജിൽ മാധ്യമ പ്രവർത്തകർ എത്തിയിരുന്നു. ഇവരോട് ആശുപത്രിയിൽ മതിയായ ജീവൻരക്ഷാ മരുന്നുകളും സൗകര്യങ്ങളുമില്ലെന്ന് ജൂനിയർ ഡോക്ടർമാർ തുറന്നു പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം പ്രതിരോധത്തിലായി. സംസ്ഥാന തലസ്ഥാനത്തെ മെ‍ഡിക്കൽ കോളേജ് പോലും കൃത്യമായി പരിപാലിക്കാൻ കഴിയാത്ത വീഴ്ച പുറത്തെത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home