മദ്യപാനം നിർത്താൻ വ്യാജ സിദ്ധൻ നൽകിയ 'ഒറ്റമൂലി' കഴിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ബേതുൽ : മദ്യപാനം നിർത്താനായി വ്യാജ സിദ്ധൻ നൽകിയ 'ഒറ്റമൂലി' കഴിച്ച രണ്ട് യുവാക്കൾ മരിക്കുകയും അഞ്ച് പേർ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലുള്ള ചിചോലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പതഖേഡ ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം.
മദ്യാസക്തിയിൽ നിന്ന് മോചനം നേടുന്നതിനായി നിരവധി പേരാണ് പതഖേഡയിലെ സിദ്ധന്റെ അടുക്കലെത്തിയത്. ഇയാൾ നൽകിയ ചുവന്ന നിറത്തിലുള്ള പാനീയം കുടിച്ചതിന് പിന്നാലെ ഏഴുപേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. മരുന്ന് കഴിച്ച് അഞ്ച് മുതൽ പത്ത് മിനിറ്റിനുള്ളിൽ തന്നെ കടുത്ത ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടതായി ചികിത്സയിൽ കഴിയുന്നവർ പറഞ്ഞു.
ദേഹ്ഗുഡ് സ്വദേശി രാംകിഷോർ ഝാഡെ (35), ഇംലി ധന സ്വദേശി സഞ്ജയ് ഉയികെ (22) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ മറ്റ് അഞ്ച് പേരെ ആദ്യം ചിചോലിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ബേതുൽ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
വർഷങ്ങളായി ഇവർ, മരത്തൊലികൾ ഉപയോഗിച്ച് തയ്യാറാക്കിയതെന്ന പേരിൽ ഇത്തരത്തിൽ പാനീയം വിതരണം ചെയ്യാറുണ്ടെന്ന് ബേതുൽ അഡീഷണൽ എസ് പി കമലേഷ് ഖർപുസെ വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രധാന പ്രതിയടക്കം മൂന്ന് പേരെ (രമേഷ് ഉയികെ, ഓജ പാർട്ടെ, ശരദ് കവഡെ) അറസ്റ്റ് ചെയ്തു.








0 comments