കിവീസിനെ കരകയറ്റി നിക്കോളാസും ഫിലിപ്‌സും; ന്യൂസീലൻഡ് 243/5

വെല്ലിങ്ടൺ: ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടിയ ഹെൻറി നിക്കോൾസിന്റെയും (113) അർധസെഞ്ചുറി നേടിയ ഗ്ലെൻ ഫിലിപ്സിന്റെയും (94) ബാറ്റിങ് മികവിൽ കരകയറി ന്യൂസീലൻഡ്. ആദ്യ ദിവസം കളിയവസാനിക്കുമ്പോൾ 243/5 എന്ന നിലയിലാണ് ടീം. ആറാം വിക്കറ്റിൽ ഒന്നിച്ച നിക്കോളാസും ഫിലിപ്‌സും 173 റൺസാണ് അടിച്ചുകൂട്ടിയത്.
വെല്ലിങ്ടണിലെ ബേസിൽ റിസർവിലെ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യപ്റ്റന്റെ തീരുമാനം ശരിവെച്ച് ഇന്ത്യൻ ബോളർമാർ കിവീസിനെ ഞെട്ടിച്ചു. മൂന്ന് വിക്കറ്റുമായി പേസർ ബുമ്ര തിളങ്ങി. വെല്ലിങ്ടണിൽ തകർച്ചയോടെയാണ് ന്യൂസീലൻഡ് തുടങ്ങിയത്. ആദ്യ ഓവറിൽ തന്നെ കിവീസ് ക്യാപ്‌റ്റൻ ടോം ലാതന്റെ (0) കുറ്റി ബുമ്ര തെറിപ്പിച്ചു. പിന്നാലെ കോൺവെയെ (4) അൻഷുൽ കാംബോജ് മടക്കിയതോടെ 12/2 എന്ന നിലയിലേക്ക് ന്യൂസിലൻഡ് പരുങ്ങി. തുടർന്നെത്തിയ ഡാരിൽ മിച്ചെൽ (1), ടോം ബ്ലൻഡൽ (5) ബുമ്രയ്ക്ക് മുന്നിൽ കുരങ്ങി. രചിൻ രവീന്ദ്രയെ (15) ആകാശ് ദീപ് സിങും മടക്കി.
ഇതോടെ 70 റൺസെടുക്കുന്നതിനിടയിൽ കീവീസിന് അഞ്ച് വിക്കറ്റ് നഷ്ടമായി. എന്നാൽ ആറാം വിക്കറ്റിൽ ക്രീസിൽ നിലയുറപ്പിച്ച നിക്കോൾസും ഫിലിപ്‌സും കളി ന്യൂസിലൻഡിന് അനുകൂലമാക്കി. 221 പന്തിൽ 14 ഫോറുകൾ നേടി നിക്കോൾസ് 113 റൺസും 182 പന്തിൽ നിന്ന് 13 ഫോറുകൾ നേടി ഫിലിപ്സ് 94 റൺസും നേടി.
ഇന്ത്യ ട്വന്റി20 പരമ്പര 3–2നും ഏകദിന പരമ്പര 3–1നും നേടിയ ആത്മവിശ്വാസത്തിലാണ്. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പ്രതീക്ഷ നിലനിർത്താൻ പരമ്പര ജയം അനിവാര്യമാണ്. നിലവിൽ ഇന്ത്യ നാലാംസ്ഥാനത്താണ്. എന്നാൽ ന്യൂസിലൻഡിൽ ഇന്ത്യയുടെ ടെസ്‌റ്റ് റെക്കോഡ് പരിതാപകരമാണ്. അവസാന ടെസ്‌റ്റ് ജയിച്ചത് 2009ൽ ഹാമിൽടണിലാണ്. എം എസ് ധോണി ക്യാപ്‌റ്റനായ ടീം 10 വിക്കറ്റിന് ജയിച്ചു. അരനൂറ്റാണ്ടിനിടെയുണ്ടായ ആദ്യ ജയമായിരുന്നു അത്. 2009ൽ ഇന്ത്യ 1–0ന് പരമ്പര നേടുകയും ചെയ്‌തു. അതിനുമുമ്പ് 1968ലെ ആദ്യ പര്യടനത്തിൽ 3–1ന് ജയിച്ചത് മാത്രമാണ് നേട്ടമായുള്ളത്. കഴിഞ്ഞ 58 വർഷത്തിനിടെ ന്യൂസിലൻഡിൽ 25 ടെസ്‌റ്റ് കളിച്ചതിൽ അഞ്ച് ജയം മാത്രം.








0 comments