പൊളിഞ്ഞത് ലീഗിന്റെ ഗൂഢാലോചനാ സിദ്ധാന്തം: പി ജയരാജൻ

കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധിയോടെ പൊളിഞ്ഞത് മുസ്ലീംലീഗും കോൺഗ്രസും ചേർന്ന് നടത്തിയ ഗൂഢാലോചന സിദ്ധാന്തമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ. അന്നത്തെ ഭരണ കക്ഷിയുടെ ആളുകൾ പൊലീസിനെ പാവ കളിപ്പിക്കുകയായിരുന്നു. ബോധപൂർവം ഗൂഢാലോചന സിദ്ധാന്തം ഇറക്കി. അതാണ് ഇന്ന് പൊളിഞ്ഞു വീണതെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ.
2012 ഫെബ്രുവരി 20നാണ് സംഘർഷത്തിനിടെ യൂത്ത് ലീഗ് പ്രവർത്തകനായ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെടുന്നത്. സംഭവം നടക്കുമ്പോൾ ആശുപത്രയിലായിരുന്ന താനും ടി വി രാജേഷും ഗൂഢാലോചനയിൽ പങ്കെടുത്തെന്ന് പറഞ്ഞാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 118-ാം വകുപ്പ് രാഷ്‌ട്രീയ നേതാക്കൾക്കെതിരെ ആദ്യമായി ചുമത്തിയത് ഷുക്കൂർ കേസിലാണ്. കള്ള തെളിവുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ബോധ്യപ്പെടുത്തുന്നതാണിത്. അന്നതെ യുഡിഎഫ് സർക്കാരും പിന്നീട് ബിജെപിയിൽ ചേർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ചേർന്നാണ് 118-ാം വകുപ്പ് ചുമത്തിയത്.
ഷുക്കൂറിനെ അപായപ്പെടുത്താൻ തളിപ്പറമ്പ് സഹകരണാശുപത്രി മുറിയിൽ വച്ച് പ്രതികൾ നിർദ്ദേശിക്കുന്നത് കേട്ടിരുന്നുവെന്നാണ് ലീഗ് പ്രവർത്തകരായ സാക്ഷികൾ കേരള പൊലീസിനു മൊഴി നൽകുകയായിരുന്നു. ഇതിന്റെ ബലത്തിലാണ് കുറ്റപത്രത്തിൽ ഐപിസി 118ാം വകുപ്പനുസരിച്ച് പ്രതി ചേർത്തത്. ഇതെല്ലാമാണ് പൊളിഞ്ഞത്. ഇല്ലാക്കഥ പറഞ്ഞ നടന്ന ലീഗ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.








0 comments